Showing posts with label പത്രവാര്‍ത്ത. Show all posts
Showing posts with label പത്രവാര്‍ത്ത. Show all posts

Thursday, April 19, 2012

ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസനം അനുവദിക്കരുത്: ഡോ. അച്യുതന്‍

കോഴിക്കോട്: ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസനം അനുവദിക്കരുതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍.
മണ്ണൂത്തി-ഇടപ്പള്ളി റോഡിലെ ടോള്‍ നിരക്കു കുറക്കുന്നതു കൊണ്ടു കാര്യമില്ല. ടോള്‍ പൂര്‍ണമായി ഇല്ലാതാക്കണം. ദേശീയ പാത സ്വകാര്യവല്‍ക്കരണ-കുടിയിറക്കു വിരുദ്ധ സമിതിയുടെ ജനകീയ സമരസംഗമം മൊഫ്യൂസില്‍ ബസ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോള മൂലധനത്തിന് കൊള്ളലാഭമുണ്ടാക്കുക എന്നതാണ് പാത ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന്റെ ലക്ഷ്യം. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി നിരവധി നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മാണത്തിനു സര്‍ക്കാരിനു പണമില്ല എന്ന വാദം ശരിയല്ല. നികുതിയിളവുകളും മറ്റുമായി കോടിക്കണക്കിനു രൂപയുടെ ആനുകൂല്യമാണ് റോഡ് നിര്‍മാണ കമ്പനിക്കു നല്‍കുന്നത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അഭിപ്രായ പ്രകാരം നാലുവരി പാതക്ക് 30 മീറ്റര്‍ മതിയെന്നിരിക്കേ 45 മീറ്റര്‍ ആക്കണമെന്നാവശ്യപ്പെടുന്നത് അമിതവേഗത്തില്‍ യാത്രചെയ്യണമെന്നാവശ്യപ്പെടുന്ന പത്തു ശതമാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ്.
45 മീറ്ററില്‍ റോഡ് പണിയുക എന്നതിനേക്കാള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തിനാണ് പ്രാധാന്യം. ടോള്‍ ഏര്‍പ്പെടുത്തുന്നത് പണത്തിന്റെ പ്രശ്‌നമല്ല. പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശം ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ് പ്രശ്‌നം.

തൃശ്ശൂര്‍ പാലിയേക്കരയില്‍ റോഡിനോടൊപ്പം പൂര്‍ത്തികരിക്കുമെന്നു വാഗ്ദാനം ചെയ്ത നിരവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ അന്താരാഷ്ട്ര മൂലധനത്തിന്റെ സര്‍ക്കാരാണോ ജനങ്ങളുടെ സര്‍ക്കാരാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത സ്വകാര്യവല്‍ക്കരണ-കുടിയിറക്കു വിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ കെ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ടി എല്‍ സന്തോഷ്, ഡോ.ആസാദ്, കെ എസ് ഹരിഹരന്‍, സി എ അജിതന്‍,അഡ്വ.പി കുമാരന്‍കുട്ടി, പി ടി ഹരിദാസ് സംസാരിച്ചു.

പാലിയേക്കര സത്യാഗ്രഹം- മാധ്യമം എഡിറ്റോറിയല്‍

19/04/2012
പൊതുവഴികളെ ജാതിമേധാവികള്‍ കുത്തകയാക്കിവെക്കുന്നതിനെതിരെ, മുഴുവന്‍ മനുഷ്യരുടെയും സഞ്ചാര സ്വാതന്ത്രൃത്തിനും പൊതുവഴികളുടെ 'പൊതുത്വ'ത്തിനും വേണ്ടി നടന്ന സമരങ്ങള്‍ കേരളീയ നവോത്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊതുവഴികളിലെ സവര്‍ണ കുത്തക അവസാനിപ്പിച്ച നമ്മള്‍ ഇന്ന് പുത്തന്‍ മൂലധന ശക്തികള്‍ പൊതുവഴികള്‍ കൈയേറി ചുങ്കം പിരിക്കുന്നതിനെ നിസ്സംഗമായി നോക്കിനില്‍ക്കുകയാണ്. തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍, ദേശീയപാതയിലെ ചുങ്കപ്പിരിവിനെതിരെ കഴിഞ്ഞ ഫെബ്രുവരി 19 മുതല്‍ നടക്കുന്ന നിരാഹാര സത്യഗ്രഹ സമരം ചരിത്രപ്രസക്തവും നിര്‍ണായകവുമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. മുഴുവന്‍ മലയാളികളുടെയും ശ്രദ്ധയും പിന്തുണയും ആ സമരം ആവശ്യപ്പെടുന്നുണ്ട്. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളെപ്പോലെ ചരിത്രപരമാണ് പാലിയേക്കര സത്യഗ്രഹവും.
ബി.ഒ.ടി രീതിയിലുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കണക്കുകളും അക്കങ്ങളും പരിശോധിക്കാന്‍നിന്നാല്‍ നാം ശരിക്കും സ്തബ്ധരായിപ്പോകും. 2ജി സ്പെക്ട്രം അഴിമതിയെക്കാള്‍ വലുതാണിതെന്ന് വി.എം. സുധീരന്‍ പറഞ്ഞത് ഈ അക്കങ്ങളുടെ വ്യാപ്തി കണ്ടിട്ടാണ്. നമുക്ക് ആ കണക്കുകളിലേക്ക് ചെറുതായൊന്ന് പോകാം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കണക്കില്‍ ഒരു കി.മീ നാലുവരിപ്പാത നിര്‍മിക്കാന്‍ ആറുമുതല്‍ ഏഴരക്കോടി രൂപവരെയാണ് ചെലവ്. ബി.ഒ.ടി കമ്പനിക്കാരന്റെ കണക്കില്‍ ഇത് 17 മുതല്‍ 25 കോടി രൂപവരെ! കാസര്‍കോട് മുതല്‍ ഇടപ്പള്ളിവരെയുള്ള ദേശീയപാത നാലുവരിയാക്കാന്‍ പി.ഡബ്ല്യു.ഡി കണക്ക് പ്രകാരം 3000 കോടി രൂപ (പാലങ്ങളും അനുബന്ധ സംവിധാനങ്ങളുമുള്‍പ്പെടെ). സ്വകാര്യ ബി.ഒ.ടിക്കാരുടെ കണക്കില്‍ ഇത് 8000 കോടി രൂപ. സ്വകാര്യ കമ്പനികളുമായി സര്‍ക്കാറുണ്ടാക്കിയ കരാര്‍ പ്രകാരം മൊത്തം നിര്‍മാണച്ചെലവിന്റെ (ആ ചെലവ് കമ്പനിയാണ് നിശ്ചയിക്കുന്നത്!) 40 ശതമാനം സര്‍ക്കാര്‍ നല്‍കണം. അതായത് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് പി.ഡബ്ല്യു.ഡി കണക്കാക്കിയ 3000 കോടിയേക്കാള്‍ അധികം തുക (3200 കോടി രൂപ) സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കണം. ആ പണം കൊണ്ട് സ്വകാര്യ കമ്പനി റോഡ് വിപുലീകരിക്കും. കൂടാതെ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കല്‍, സ്ഥലവാസികള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയും സര്‍ക്കാര്‍തന്നെ നിര്‍വഹിക്കണം. കോടിക്കണക്കിന് രൂപ ഇതിനു വേണ്ടിയും സര്‍ക്കാര്‍ മാറ്റി വെക്കണം. ഇങ്ങനെയൊക്കെ ആയ ശേഷം ബഹുമാനപ്പെട്ട സ്വകാര്യ കമ്പനി റോഡ് നിര്‍മിച്ചു കഴിഞ്ഞാല്‍ 30 വര്‍ഷത്തേക്ക് റോഡിന് ഉടമസ്ഥാവകാശം റോഡ് പണി നടത്തിയ കമ്പനിക്കാണ്. നോക്കണേ, നേരത്തെ നിലവിലുള്ള റോഡ്, അതിന് ഇരുവശവും സര്‍ക്കാര്‍ അധികമായി ഏറ്റെടുത്ത് നല്‍കിയ ഭൂമി, റോഡ് നിര്‍മാണത്തിന് 40 ശതമാനം ഗ്രാന്റ് ഇതെല്ലാത്തിനു ശേഷവും റോഡിന്റെ 30 കൊല്ലത്തെ ഉടമ പണി നടത്തിയ കമ്പനിയും! ഇക്കാലയളവില്‍ കമ്പനി തോന്നിയമാതിരി ചുങ്കം പിരിക്കും. ചുങ്ക റോഡിന് സമാന്തരമായി മറ്റൊരു റോഡും ഈ 30 കൊല്ലത്തിനിടയില്‍ സര്‍ക്കാര്‍ പണിയാന്‍ പാടില്ല എന്നൊരു വ്യവസ്ഥയുമുണ്ട്. ചുങ്ക നിരക്ക് ആവശ്യാനുസൃതം വര്‍ധിപ്പിക്കാനുള്ള അവകാശവും സ്വകാര്യ കമ്പനിയില്‍ നിക്ഷിപ്തമത്രെ. ചെറിയ വണ്ടികള്‍ക്ക് (കാര്‍, ജീപ്പ്) കിലോ മീറ്ററിന് 85 പൈസയെന്നാണ് ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക (ഭാരവണ്ടികള്‍, ലോറികള്‍ എന്നിവക്ക് യഥാക്രമം 4.70 രൂപ, മൂന്നു രൂപ എന്നിങ്ങനെയും). ഇപ്പോഴത്തെ ഈ നിരക്കുതന്നെ തുടരുകയാണെങ്കില്‍ 30 വര്‍ഷം കൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ബഹുകോടികള്‍ വാരിയെടുക്കാനുള്ള കേന്ദ്രങ്ങളായി ഓരോ ടോള്‍ ബൂത്തും മാറും.
കൈയില്‍ കാശില്ലെന്ന സ്ഥിരം ന്യായത്തിലാണ് റോഡ് നിര്‍മാണം സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നത്. ഇന്ധന നികുതി, വാഹന നികുതി, റോഡ് നികുതി, രജിസ്ട്രേഷന്‍ ചാര്‍ജ്, ലൈസന്‍സ് ഫീ, ഗതാഗത പിഴ എന്നിവയിലൂടെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്ന കോടികള്‍ എങ്ങോട്ടാണ് പോകുന്നത്? ഹൈവെ വികസനത്തിനുവേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ലിറ്ററിന് മൂന്ന് രൂപ ഇന്ധന സെസ് വാങ്ങുന്നതിന്റെ അര്‍ഥമെന്താണ്? കൈയില്‍ കാശില്ലെന്ന് പറയുന്ന അതേ സര്‍ക്കാര്‍ ബഹുകോടികള്‍ സ്വകാര്യ കമ്പനികള്‍ക്ക് റോഡ് നിര്‍മാണത്തിന് ഗ്രാന്റായി നല്‍കുന്നതെങ്ങനെയാണ്? ഹൈവെ വികസനവുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങള്‍ അനന്തമാണ്. അങ്ങേയറ്റം ദുരൂഹവും അപസര്‍പ്പക സ്വഭാവത്തിലുള്ളതുമായ കളികളാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തം.
ചുങ്കപ്പാതകള്‍ ലോകത്തെങ്ങും യാഥാര്‍ഥ്യമായിക്കഴിഞ്ഞു, നമുക്ക് മാത്രം പിന്തിരിയാന്‍ കഴിയില്ല എന്നതാണ് ചുങ്കവാദികളുടെ ഒരു ന്യായം. ശരിയാണ്, കിടയറ്റ സൗകര്യങ്ങളോടു കൂടി സ്വകാര്യ പാതകള്‍ ലോകത്ത് പലേടത്തുമുണ്ട്. എന്നാല്‍, പൊതുപാതകളെ നശിപ്പിച്ചു കൊണ്ടല്ല, വികസിപ്പിച്ചതിന് ശേഷമാണ് അവിടങ്ങളില്‍ അത്തരം പാതകള്‍ പണിയുന്നത്. ഇവിടെ നടക്കുന്നത് അതല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിത ദേശീയപാതകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയാണ്. അവര്‍ അതിന്റെ അപ്പുറവും ഇപ്പുറവും സര്‍ക്കാര്‍ ഏറ്റെടുത്തു കൊടുത്ത ഭൂമിയില്‍ അല്‍പം മണ്ണും ടാറുമിട്ട് തങ്ങളുടേതാക്കുന്നു. കേരളത്തില്‍ വ്യാപകമായ ഇട റോഡുകളില്‍നിന്ന് ഹൈവേയിലേക്കുള്ള പ്രവേശനം പോലും നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു.
പാലിയേക്കരയില്‍ നടക്കുന്ന സമരം പൊതുപാതകള്‍ അന്യാധീനപ്പെടുന്നതിനെതിരായ ചരിത്രപരമായ ചെറുത്തുനില്‍പാണ്. വന്‍കിട നിര്‍മാണ കമ്പനികള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കെടുത്താണ് ഒറ്റ നോട്ടത്തില്‍തന്നെ അറുപിന്തിരിപ്പനായ ഈ പദ്ധതിയുമായി മുന്നോട്ടുപോവുന്നത്. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരത്തോട് മുഖം തിരിക്കുന്നതും. കേരളത്തിലെ ദേശീയപാതകളുടെ ഇരുവശങ്ങളിലും കത്തിപ്പടരുന്ന ജനരോഷത്തെ അവര്‍ അവഗണിക്കുന്നതും അതുകൊണ്ടുതന്നെ. മൂലധന, കുത്തക താല്‍പര്യങ്ങള്‍ക്കെതിരെ ഗീര്‍വാണം മുഴക്കുന്ന സി.പി.എമ്മും ഈ സമരത്തില്‍നിന്ന് അകലെയാണ്. സ്വകാര്യ കുത്തകകള്‍ അവരെയും വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നുവെന്നതാണ് സത്യം. പക്ഷേ, ഇടതുപക്ഷത്ത് തന്നെയുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് വിഷയത്തെ ഗൗരവത്തില്‍ പഠിക്കാനും ഹൈവെ വികസനത്തിന്റെ പേരിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതികരിക്കാനുമുണ്ട്. മുഖ്യധാരാ കക്ഷികള്‍ കൈയൊഴിഞ്ഞ ജനകീയ പ്രശ്നങ്ങളെ ഏറ്റെടുക്കുന്ന നവസാമൂഹിക മുന്നേറ്റങ്ങളാണ് നമ്മുടെ കാലത്ത് രാഷ്ട്രീയത്തെ സജീവമാക്കുന്നത്. അത്തരം ശക്തികളും സംഘങ്ങളുമാണ് പാലിയേക്കര സമരത്തിന്റെ ഊര്‍ജം. ചരിത്രപരമായ വലിയൊരു ദൗത്യമാണ് പാലിയേക്കരയിലെ സത്യഗ്രഹികള്‍ ഏറ്റെടുത്തിരിക്കന്നത്. അവരെ പിന്തുണക്കേണ്ടത് നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്.

ടോള്‍ നിരക്ക് കുറയ്ക്കും, സമയം കൂട്ടും: മുഖ്യമന്ത്രി

ടോള്‍ നിരക്ക് കുറയ്ക്കും, സമയം കൂട്ടും: മുഖ്യമന്ത്രി

doolnews.com

April 18th, 2012

തിരുവനന്തപുരം: അങ്കമാലി-മണ്ണൂത്തി ദേശീയ പാതയിലെ നിലവിലുള്ള ടോള്‍നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും സമരസമിതി പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച പ്രശ്‌നം തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനനുസരിച്ച് ടോള്‍ പിരിക്കുന്ന കാലപരിധി വര്‍ധിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ദേശീയ പാതയില്‍ ആവശ്യത്തിന് തെരുവ് വിളക്കുകളും സിഗ്നല്‍ സംവിധാനവും സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി എടുക്കും. ഡ്രെയിനേജ് സംവിധാനത്തിന്റെ കാര്യത്തിലും ഉടന്‍നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രഹീം കുഞ്ഞ് നിര്‍മ്മാണ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സര്‍വ്വീസ് റോഡിന്റെ കാര്യത്തില്‍ സമരത്തെതുടര്‍ന്നുള്ള പ്രതികൂല സാഹചര്യം മാറികിട്ടിയാല്‍ ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പക്ഷം സര്‍വ്വീസ് റോഡുകള്‍ ഗതാഗതയോഗ്യമാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ എം.എല്‍.എ മാരായ ബി.ഡി ദേവസ്സി, കെ. രാധാകൃഷ്ണന്‍, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

News Collected by

Sunday, April 15, 2012

പാലിയേക്കര ടോള്‍: ചര്‍ച്ച നടത്തും -കലക്ടര്‍

14/04/2012
ആമ്പല്ലൂര്‍: കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ കമ്പനി ടോള്‍ പിരിവ് നടത്തുന്നതെന്ന ടോള്‍ വിരുദ്ധ സമരസമിതിയുടെ ആരോപണം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ്. നിശ്ചിത സമയപരിധിക്കകം ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കാതെ അനധികൃതമായാണ് കമ്പനി ടോള്‍ പിരിവ് നടത്തുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സംയുക്ത സമരസമിതി നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. തുടര്‍ന്ന് വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന കലക്ടറുടെ ഉറപ്പിന്മേലാണ് സമരസമിതി ഉപരോധം അവസാനിപ്പിച്ചത്. ഇതുപ്രകാരം വെള്ളിയാഴ്ച കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് സമരസമിതിയുടെ ആരോപണം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സമിതിക്ക് കലക്ടര്‍ ഉറപ്പുനല്‍കിയത്.

http://www.madhyamam.com/news/163425/120414

Saturday, March 31, 2012

ഹൈക്കോടതിയില്‍ ‘കള്ളവാങ്മൂലം’, പാലിയേക്കര ടോളിനു സര്‍ക്കാര്‍ സ്‌പോണ്‍സെര്‍ഡ് പോലീസ് സംരക്ഷണം



March 24th, 2012

ഹൈക്കോടതിയില്‍ ‘കള്ളവാങ്മൂലം’, പാലിയേക്കര ടോളിനു സര്‍ക്കാര്‍ സ്‌പോണ്‍സെര്‍ഡ് പോലീസ് സംരക്ഷണം


തൃശൂര്‍: ബി.ഓ.ടി പാതയ്ക്കായി ടോള്‍ പിരിക്കുന്നതിന് പാലിയേക്കരയില്‍ സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ ചെലവില്‍ പോലീസ് സംരക്ഷണം നല്‍കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലം പച്ചക്കള്ളമാണെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നു.

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ നിയമവിരുദ്ധമായി തുടങ്ങിയ ടോള്‍ പിരിവിനു ഹൈക്കോടതിയുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ സ്വമേധയാ പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു എന്നും, പതിവിനു വ്യത്യസ്തമായി സര്‍ക്കാര്‍ ചെലവിലാണ് ഇവിടെ പോലീസ് സംരക്ഷണം നല്‍കുന്നതെന്നും തെളിയിക്കുന്ന രേഖകള്‍ ‘ഡൂള്‍ ന്യൂസി’ന് ലഭിച്ചു. ‘പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ്.’ എന്നാണു മറുപടിയില്‍ പറയുന്നത്. ‘ഏകജാലക കമ്പനി ടോള്‍ പിരിക്കുന്നതിന് പോലീസ് സംരക്ഷണം ലഭിക്കുന്നതിനു വേണ്ടി ഗവണ്‍മെന്റ് ട്രഷറിയില്‍ തുക അടച്ചിട്ടില്ല്’ എന്നും രേഖയില്‍ പറയുന്നു.

ഹരിദാസ് ഇറവക്കാട് എന്ന സമരസമിതി പ്രവര്‍ത്തകന് വിവരാവകാശനിയമ പ്രകാരം തൃശൂര്‍ റൂറല്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് സര്‍ക്കാരിന്റെ ‘കള്ളവാങ്മൂലം’ പൊളിയുന്നത്.

പോലീസ് സംരക്ഷണം ലഭിക്കണമെങ്കില്‍ പൗരന്മാര്‍ ട്രഷറിയില്‍ പണം ഒടുക്കേണ്ടതുണ്ട്. എന്നാല്‍ റോഡുപണി തീരും മുന്‍പേ അനധികൃതമായി ടോള്‍ പിരിക്കുന്ന സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ ചെലവിലാണ് പോലീസ് സംരക്ഷണം നല്‍കുന്നത്. കള്ള സത്യവാങ്മൂലം നല്‍കി ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചതിനു നിയമനടപടി സ്വീകരിക്കുമെന്ന് കേസിലെ പരാതിക്കാരനായ ജോയ് കൈതാരം അറിയിച്ചു.

http://www.doolnews.com/police-protection-for-paliyekkara-toll-malayalam-news-454.html

News Collected by



Sunday, February 19, 2012

വികസനം കോര്‍പറേറ്റ് കമ്പനികളുടേതായി മാറി- അജിത

വികസനം കോര്‍പറേറ്റ് കമ്പനികളുടേതായി മാറി- അജിത


ആമ്പല്ലൂര്‍: വികസനമെന്നത് കോര്‍പറേറ്റ് കമ്പനികളുടെ വികസനമായി മാറിയെന്ന് കെ. അജിത. ദേശീയപാത പാലിയേക്കരയിലെ ടോള്‍ വിരുദ്ധ സമരം ശക്തമാക്കുന്നതിന്‍െറ ഭാഗമായി സംയുക്ത സമരസമിതി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് മണ്ണും വിഭവങ്ങളും ചൂഷണം ചെയ്യാന്‍ ഒത്താശ ചെയ്ത് കൊടുക്കുകയാണ് മാറി വരുന്ന സര്‍ക്കാറുകള്‍. വികസനമെന്നത് ആരുടെ വികസനമാണെന്ന് ചോദിക്കാന്‍ ഇവിടെ ഒരുസര്‍ക്കാറുമില്ല. ടോള്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ സി.ജെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കന്‍വീനര്‍ പി.ജെ. മോന്‍സി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജോയ് കൈതാരത്ത്, രാജേഷ് അപ്പാട്ട്, സുരേഷ് നെന്മണിക്കര, ടി.കെ. രവീന്ദ്രന്‍, പി.സി. ഉണ്ണിച്ചെക്കന്‍, എം.എന്‍. രാവുണ്ണി, ടി.പി. ശ്രീശങ്കര്‍, എം.ആര്‍.മുരളി, ടി.എന്‍. സന്തോഷ്, ആര്‍.കെ. ആശ, രവി തേലത്ത്, അഡ്വ. ജോബി പുളിക്കന്‍, ഇ.വി. മുഹമ്മദാലി, ടി.കെ. വാസു, വി.എസ്. പ്രിന്‍സ്, കല്ലൂര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് അഞ്ചോടെ ആമ്പല്ലൂരില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് സമരസമിതി പ്രവര്‍ത്തകര്‍ അണിനിരന്നു. ടോള്‍ പ്ളാസക്ക് നൂറു മീറ്റര്‍ അകലെ പൊലീസ് പ്രകടനം തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സമരക്കാരെ പ്രതിരോധിക്കാനായി ചാലക്കുടി ഡിവൈ.എസ്.പി പി.കെ. രഞ്ജന്‍െറ നേതൃത്വത്തില്‍ 1500ല്‍പരം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ജലപീരങ്കിയും സജ്ജമാക്കിയിരുന്നു.

ചേറ്റുവ ടോള്‍: നിരാഹാരം ആറാം ദിനത്തില്‍

ചേറ്റുവ ടോള്‍: നിരാഹാരം ആറാം ദിനത്തില്‍

ചാവക്കാട്: ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദ് നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക്. സ്ത്രീകളും കുട്ടികളുമടങ്ങിയ ചേറ്റുവ കരുണ കൂട്ടായ്മയിലെ വനിതകള്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
കോട്ടപ്പുറം മുതല്‍ അണ്ടത്തോട് വരെയുള്ള തീരദേശത്ത് എട്ടിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.ഇ അബ്ദുല്ല പറഞ്ഞു. ഹസീബ ഉബൈദ് മജീദിന് ഹാരാര്‍പ്പണം നടത്തി.
സഹീം അസീസ്, ലീല രാജന്‍, ഗീത, സൈന മുഹമ്മദ് എന്നിവര്‍ വനിതാ കരുണാകൂട്ടായ്മക്ക് നേതൃത്വം നല്‍കി. നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി നൗഷാദ് തെക്കുംപുറം, ബി.എസ്.പി ജില്ലാ സെക്രട്ടറി സുരേഷ് തച്ചപ്പിള്ളി, മനുഷ്യാവകാശ കമീഷന്‍ അംഗം പി.എസ്. ഉമ്മര്‍, നാട്ടു വൈദ്യ അസോസിയേഷന്‍ അഖില മലബാര്‍ ജന. സെക്രട്ടറി എ.ജി. ഷണ്‍മുഖ വൈദ്യര്‍, കടപ്പുറം പൗരസമിതി ശറഫുദ്ദീന്‍ മുനക്കകടവ്, വാടാനപ്പള്ളി സോളിഡാരിറ്റി യൂനിറ്റ് സെക്രട്ടറി കെ. ഹംസ, നാട്ടിക ഏരിയ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി പി.എ. അഹമ്മദ്കുട്ടി എന്നിവര്‍ വ്യാഴാഴ്ച സമരപ്പന്തലിലത്തെി അഭിവാദ്യങ്ങളറിയിച്ചു.
കൃഷി മന്ത്രി മോഹനന്‍ ചേറ്റുവ ടോള്‍ വഴിപോകുന്നതറിഞ്ഞ് പി.ഡി.പി പ്രവര്‍ത്തകര്‍ കൊടിയുമായത്തെി മുദ്രാവാക്യങ്ങള്‍ മുഴക്കി. മന്ത്രി അഭിവാദ്യമര്‍പ്പിച്ച് കടന്നുപോയതായി പി.ഡി.പി പ്രവര്‍ത്തകര്‍ പറഞ്ഞു.

ചേറ്റുവ ടോള്‍: പി.ഡി.പി നിരാഹാരം തുടങ്ങി

ചേറ്റുവ ടോള്‍: പി.ഡി.പി നിരാഹാരം തുടങ്ങി


ചാവക്കാട്: മുഖ്യമന്ത്രിക്ക് വിവരമില്ളെന്ന് പറയാന്‍ പോലും ധൈര്യം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ജീവിക്കുന്ന നാട്ടില്‍ എങ്ങനെയാണ് നീതി ലഭിക്കുകയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം. ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം പി.ഡി.പിക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദ് നടത്തുന്ന അനിശ്ചിതകാല നിരാഹാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വാരത്തില്‍ പി.ഡി.പി നടത്തിയ ടോള്‍ പിടിച്ചെടുക്കല്‍ സമരത്തിന്‍െറ തുടര്‍ച്ചയായാണ് നിരാഹാര സമരം. എന്‍.എച്ച്. 17 ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ.വി. മുഹമ്മദലി, പി.ഡി.പി സി.എ.സി അംഗം മുജീബുറഹ്മാന്‍, ജില്ലാ സെക്രട്ടറി സലീം കടലായി, സമരസമിതി ചെയര്‍മാന്‍ എ.എച്ച്. മുഹമ്മദ്, സമരസമിതി കണ്‍വീനര്‍ കെ. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. മൂന്നാംകല്ലിനടുത്തുനിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ നിരാഹാരപ്പന്തലില്‍ എത്തിയത്.

കൊടുങ്ങല്ലൂര്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കണമെന്ന് മുറവിളി

കൊടുങ്ങല്ലൂര്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കണമെന്ന് മുറവിളി

കൊടുങ്ങല്ലൂര്‍: ചന്തപ്പുര - കോട്ടപ്പുറം ബൈപാസ് തുറക്കുന്നതോടെ രണ്ടായി വിഭജിക്കപ്പെടുന്ന കൊടുങ്ങല്ലൂര്‍ നഗരത്തെ ഒന്നായി നിലനിര്‍ത്താന്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കി ഉയര്‍ത്തുകയെന്ന ആവശ്യം ഉന്നയിച്ച് ജനകീയസമരം ശക്തമാകുന്നു. സമരത്തിന്‍െറ തുടര്‍ച്ചയായി 31ന് കൊടുങ്ങല്ലൂര്‍ പൊലീസ് മൈതാനിയില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ഉപവസിക്കുമെന്ന് എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് നഗരത്തില്‍ പ്രവേശിച്ചിരുന്ന റോഡുകളെല്ലാം അടഞ്ഞ് പോകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. ചന്തപ്പുര, കോട്ടപ്പുറം ക്രോസിലും റോഡ് വഴി ഏറെ സമയം കാത്തുനിന്ന് നഗരത്തില്‍ കടക്കേണ്ട ഗതികേടാവും വരിക. ഇന്ന് കടുത്ത ഗതാഗതക്കുരുക്കിനോടൊപ്പം പ്രയാസങ്ങളും സൃഷ്ടിക്കും. ഇതിനൊരു പരിഹാരമായാണ് നിലവിലെ റോഡ് നിലനിര്‍ത്തികൊണ്ടുതന്നെ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കി ഉയര്‍ത്തണമെന്നാണ് സമിതിയുടെ ആവശ്യം. 31 ന് രാവിലെ ഒമ്പതിന് നടത്തുന്ന ഉപവാസ സമരം ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്‍പേഴ്സണ്‍ സുമാശിവന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രകടനമായെത്തി ഉപവാസം അനുഷ്ഠിക്കുന്നവരെ അഭിവാദ്യം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഗുണഭോക്തൃ സമിതി ഭാരവാഹികളായ അഡ്വ. വി.എം. മുഹ്യിദ്ദീന്‍, ഡോ. ഒ.വിനോദ്, സി.എസ്. വിമല്‍കുമാര്‍, എം.പി. മനോജ് എന്നിവര്‍ സംബന്ധിച്ചു.

ദേശീയ പാതയില്‍ സ്വകാര്യ കമ്പനിക്ക് ടോള്‍ പിരിക്കാം -പൊതുമരാമത്ത് വകുപ്പ്

മാധ്യമം,2012 ഫെബ്രുവരി 19 ഞായര്‍ പേജ് 13

ടോള്‍ വിരുദ്ധ സമരത്തില്‍നിന്ന് സി.പി.എം. പിന്മാറണം -സ്വകാര്യവത്കരണ വിരുദ്ധ സമിതി

മാധ്യമം,2012 ഫെബ്രുവരി 19 ഞായര്‍ പേജ് 4

ടോള്‍ വിരുദ്ധ സമരത്തില്‍നിന്ന് സി.പി.എം. പിന്മാറണം -സ്വകാര്യവത്കരണ വിരുദ്ധ സമിതി

മാധ്യമം,2012 ഫെബ്രുവരി 19 ഞായര്‍ പേജ് 4

Saturday, May 15, 2010

കിനാലൂര്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

Posted on: 15 May 2010
കോഴിക്കോട്: വ്യവസായ വികസനത്തിന്റെ പേരില്‍ കിനാലൂരില്‍ പുതിയ നാലുവരിപ്പാത നിര്‍മ്മിക്കേണ്ട സാഹചര്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധക്കാര്‍ക്കുനേരെ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിനാലൂരില്‍ യു.ഡി.എഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

കിനാലൂരില്‍ എന്ത് വ്യവസായമാണ് വരാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. വികസനം ജനങ്ങള്‍ക്കെതിരാകരുതെന്നും ചെന്നിത്തല സൂചിപ്പിച്ചു.

നാലുവരിപ്പാതയ്ക്ക് യു.ഡി.എഫ് എതിരല്ല. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന യാത്രാ സൗകര്യത്തിന് ആവശ്യമുള്ള സ്ഥലങ്ങളിലാണ് നാലുവരിപ്പാത നിര്‍മ്മിക്കേണ്ടത്. വ്യവസായ പാര്‍ക്ക് വരുമെന്നു പറയുന്ന വ്യവസായ മന്ത്രിക്കു പോലും അതിനാധാരമായ വസ്തുതകള്‍ നിശ്ചയമില്ല. എന്തു വിലകൊടുത്തും നാലുവരിപ്പാത നിര്‍മ്മിക്കുമെന്ന എളമരം കരീമിന്റെ പ്രസ്താവന നടപ്പിലാവില്ല. വ്യവസായ മന്ത്രിയെന്ന നിലയില്‍ ജനങ്ങളെ പരിഹസിക്കുന്നത് കരിം നിര്‍ത്തണം. കരിം അഭിനവ ബുദ്ധദേവ് ഭട്ടാചാര്യയാകാന്‍ ശ്രമിക്കുകയാണെന്നും രമേശ് ആരോപിച്ചു.

കിനാലൂര്‍ ഏഴുകണ്ടിയില്‍ നടന്ന ധര്‍ണയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ.എം.കെ. മുനീറും പങ്കെടുത്തു

നാലുവരിപ്പാതയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ്. ബഹുജന മാര്‍ച്ച് നടത്തി. സി.പി.എം.നേതാവ് എം.മെഹബൂബിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. അഞ്ചുമണിക്ക് വട്ടോളി ബസാറില്‍ സമാപിക്കും. സി.പി.എം. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും

Monday, May 10, 2010

മന്ത്രിയുടെ വാദം പൊളിയുന്നു: കിനാലൂരില്‍ അക്രമം നടത്തിയത് പോലീസ് തന്നെ


എളമരത്തിന്‍റെ ചപ്പടാച്ചി


Posted on: 10 May 2010





കോഴിക്കോട്: കിനാലൂരില്‍ സമരക്കാരുടെ കല്ലേറിലും അക്രമത്തിലുമാണ് നാട്ടുകാര്‍ക്ക് പരിക്കേറ്റതെന്ന വ്യവസായ മന്ത്രി എളമരം കരീമിന്റെ വാദം പൊളിഞ്ഞു. സമരക്കാരുടെ അക്രമത്തില്‍ പരിക്കേറ്റ ആളെന്ന് വിശേഷിപ്പിച്ച് കൈതച്ചാലില്‍ അബ്ദുറഹിമാന്‍ എന്ന ആളെ ശനിയാഴ്ച ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ്. പൊതുയോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നു. താന്‍ സമരത്തില്‍ പങ്കെടുത്ത ആളല്ലെന്നും സമരക്കാരുടെ കല്ലേറിലാണ് തലയ്ക്ക് പരിക്കേറ്റതെന്നും അബ്ദുറഹ്മാന്‍ പ്രസംഗവേദിയിലെത്തി വിശദീകരിക്കുകയും ചെയ്തു. പത്രങ്ങളിലെല്ലാം ചോരയൊലിപ്പിച്ചു നില്‍ക്കുന്ന അബ്ദുറഹ്മാന്റെ പടം പ്രസിദ്ധീകരിച്ചിരുന്നു.

അബ്ദുറഹ്മാന്റെ വിശദീകരണത്തിനുശേഷമാണ് മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച് എളമരം കരീം പ്രസംഗിച്ചത്.

കിനാലൂര്‍ സംഭവത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് ചിത്രീകരിച്ചതെന്ന് ആക്ഷേപിച്ച മന്ത്രി അബ്ദുറഹ്മാന്റെ പടമുള്ള പത്രമുയര്‍ത്തിപ്പിടിച്ചാണ് പ്രസംഗിച്ചത്. അബ്ദുറഹ്മാന്റെ വെളിപ്പെടുത്തലോടെ ഈ കള്ളക്കളി പൊളിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിയുടെ പ്രസംഗത്തിന് അകമ്പടിയായി മാധ്യമങ്ങള്‍ക്ക് എതിരെ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.

ഇതേത്തുടര്‍ന്ന് അബ്ദുറഹ്മാനെ പോലീസുകാര്‍ അടിച്ചോടിക്കുന്ന ദൃശ്യം വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു. അതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. ആക്രോശിച്ചും അസഭ്യം വിളിച്ചും അബ്ദുറഹ്മാന്റെ പിന്നാലെ പോലീസ് ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന അബ്ദുറഹ്മാന്‍ ഭിത്തിയില്‍ തലയിടിച്ചു വീഴുന്നതും 'എന്നെ തല്ലി' എന്നുപറഞ്ഞ് കരയുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

പരക്കെ പ്രതിഷേധമുയര്‍ന്നുവെങ്കിലും കിനാലൂരിലെ പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് മന്ത്രി എളമരം കരീമും സി.പി.എമ്മും ചെയ്തത്. അതിന് ബലം പകരാനാണ് സി.പി.എം. അനുഭാവി കൂടിയായ അബ്ദുറഹ്മാനെ ഉപയോഗിച്ച് പ്രചാരണം തുടങ്ങിയത്. ഈ വാദം പൊളിഞ്ഞതോടെ പോലീസ് നടപടിയുടെ കാര്യത്തില്‍ സി.പി.എം. കൂടുതല്‍ പ്രതിരോധത്തിലായി. പോലീസുകാര്‍ ഓടിച്ചപ്പോള്‍ അബ്ദുറഹ്മാന്‍ ഭിത്തിയില്‍ തട്ടി വീണെന്നാണ് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലെയും പരാമര്‍ശം.

പുറമെ ശാന്തമെങ്കിലും കിനാലൂരിന്റെ അകം പുകയുന്നു


Posted on: 10 May 2010



ബാലുശ്ശേരി:കിനാലൂരും സമീപ പ്രദേശങ്ങളും പുറമെ സാധാരണ നിലയിലായെങ്കിലും ഭീതിയൊഴിയാത്ത ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും അശാന്തി.

പോലീസിനെ കല്ലേറിയുകയും ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിയടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും ചെയെ്തന്ന കുറ്റത്തിന് 150 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള തത്രപ്പാടിലാണ്. പരിക്കേറ്റ് വീടുകളില്‍ കഴിയുന്ന സമരനേതാക്കള്‍ക്കും അറസ്റ്റ് ഭീഷണിയുണ്ട്. കൂടാതെ, രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള അകല്‍ച്ചയും വര്‍ധിച്ചു. നേതാക്കളും സാമൂഹിക, സാംസ്‌കാരിക സംഘടനാപ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിക്കുന്നുണ്ടെങ്കിലും വരുംദിവസങ്ങളിലും സംഘര്‍ഷമുണ്ടാകുമോ എന്നതാണ് നാട്ടുകാരുടെ ഭയം. കിനാലൂരിലെത്തുന്ന നേതാക്കളെല്ലാം പോലീസ് അതിക്രമം കാട്ടിയ രണ്ടു വീടുകളും പരിക്ക് പറ്റിയ നേതാക്കളെയും സന്ദര്‍ശിച്ച് പ്രസ്താവനകളിറക്കി സ്ഥലം വിടുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ പലരും ആ വിവരം പുറത്തുപറയാതെ വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. മോരിക്കര, കാക്കൂര്‍, നന്മണ്ട ഭാഗങ്ങളില്‍ നിന്നെത്തിയ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സമരനേതാക്കള്‍ പറയുന്നു. സമരത്തിന് നേതൃത്വം നല്‍കുന്നവരാരുംതന്നെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കിനാലൂര്‍ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് സമരത്തില്‍ പങ്കെടുത്ത ജനകീയ ഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.

വ്യവസായ മന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി -വി.എം. സുധീരന്‍


Posted on: 08 May 2010



കോഴിക്കോട്: ഇല്ലാത്ത പദ്ധതികളെക്കുറിച്ച് ശൂന്യമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യവസായ മന്ത്രി എളമരം കരീമിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി.

കിനാലൂരില്‍ വന്‍കിട പദ്ധതികളൊന്നും സര്‍ക്കാറിന്റെ പരിഗണനയിലില്ല. എന്നിട്ടും അതുണ്ടെന്ന് പ്രചരിപ്പിക്കുന്ന മന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. മന്ത്രിയുടെ ഇത്തരം സമീപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന് എതിരാണെന്നും സുധീരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കിനാലൂരിലെ പോലീസ് നടപടിയെക്കുറിച്ചും നാലുവരിപ്പാതയ്ക്കു പിന്നിലെ രഹസ്യ ലക്ഷ്യങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നാലുവരിപ്പാതയുടെ പ്രസക്തി തീര്‍ത്തും നഷ്ടമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കണം. കിനാലൂരില്‍ കണ്ടത് ഭരണകൂട ഭീകരതയുടെ യഥാര്‍ഥ മുഖമാണ്. വ്യവസായ മന്ത്രിയെ പിന്താങ്ങുന്ന ഒരുപറ്റം ആളുകള്‍ നടത്തിയ ആസൂത്രിത നീക്കമാണിത്. ജില്ലാഭരണകൂടവും പോലീസും ഇതില്‍ പങ്കാളികളായി.

നാലുവരിപ്പാത വന്നാല്‍ ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തണം. അല്ലാതെ വ്യവസായ വകുപ്പ് സൂപ്പര്‍ ഡിപ്പാര്‍ട്ട്‌മെന്റായി മാറരുത്.

കിനാലൂരില്‍ എഴുപതിനായിരം പേര്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞ് മോഹവലയം സൃഷ്ടിക്കുകയാണ് മന്ത്രി ചെയ്തത്. മാര്‍ക്‌സിന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കേണ്ട മന്ത്രി, ഗീബല്‍സിന്റെ പ്രചാരണവുമായാണ് മുന്നോട്ടുപോവുന്നത്-സുധീരന്‍ കുറ്റപ്പെടുത്തി.

കിനാലൂരിലെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉചിതമായി. എന്നാല്‍ നയപരമായ ഒരു കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി എടുത്ത നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് ജില്ലാ ഭരണകൂടം പറഞ്ഞത്. അങ്ങനെ വരുമ്പോള്‍ അവര്‍ ആ ആസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹരല്ല-സുധീരന്‍ പറഞ്ഞു.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി. ശങ്കരന്‍, ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ. എം. വീരാന്‍കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മാധ്യമങ്ങള്‍ക്കെതിരെ മന്ത്രിയുടെ രോഷം


Posted on: 08 May 2010


കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാത സര്‍വേ തടഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമരീതിക്കെതിരെ വ്യവസായമന്ത്രിയുടെ രൂക്ഷവിമര്‍ശം.

അക്രമം സംബന്ധിച്ച മാധ്യമങ്ങളുടെ പ്രചാരണരീതി ദൗര്‍ഭാഗ്യകരമാണ്. ചില ടെലിവിഷന്‍ ചാനലുകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലാണ് വാര്‍ത്ത അവതരിപ്പിച്ചതെന്ന് തോന്നിപ്പോകും. രാവിലെ 10.30ന് നടന്ന സംഭവം ഒരു ചാനല്‍ പിന്നീട് 12 മണിക്ക് 'ലൈവ്' എന്ന ശീര്‍ഷകത്തിലാണ് കാണിച്ചത്. കിനാലൂരില്‍ അപ്പോഴും നീണ്ട 'യുദ്ധം' നടക്കുന്നുവെന്ന പ്രതീതി അതു ജനിപ്പിക്കുകയും ചെയ്തു. ഇതു ശരിയല്ല-മന്ത്രി പറഞ്ഞു.

കിനാലൂരില്‍ നാല്പതിലേറെ കുടുബങ്ങള്‍ വീടിനു മുന്നില്‍ സര്‍വേയെ സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ അതു കാണാതെ പോയി.

ഭൂമാഫിയെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രി മാധ്യമങ്ങള്‍ക്ക് എതിരെ രോഷംകൊണ്ടു. എവിടെയാണ് ഭൂമാഫിയ? നിങ്ങള്‍ പരമ്പര എഴുതിയവരല്ലേ? ഭൂമാഫിയ ആരെന്ന് അന്വേഷിച്ച് ബോധ്യപ്പെടുത്തൂ-മന്ത്രി പറഞ്ഞു.

പോലീസ് ഭീതി പരത്തുന്നു; കിനാലൂരില്‍ ജനം വീടൊഴിയുന്നു


Posted on: 09 May 2010





കിനാലൂര്‍: പോലീസ് അറസ്റ്റ് ചെയേ്തക്കുമെന്ന ഭയംമൂലം കിനാലൂരില്‍ ജനങ്ങള്‍ വീടൊഴിയുന്നു. മിക്ക വീടുകളിലും വെള്ളിയാഴ്ച രാത്രി മുതല്‍ പുരുഷന്മാരില്ലാത്ത അവസ്ഥയാണ്. ചില വീടുകളില്‍നിന്ന് പരിക്കേറ്റ സ്ത്രീകളും കുട്ടികളുമെല്ലാം ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

അറസ്റ്റ് ഭയന്ന് പരിക്കേറ്റവര്‍ ആസ്​പത്രികളില്‍ ചികിത്സ തേടാനും മടിക്കുകയാണ്. പലരും ബന്ധുവീടുകളില്‍ പോയി അവിടെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെയും നാട്ടുവൈദ്യന്മാരെയുമാണ് സമീപിക്കുന്നത്. സി.പി.എം. അനുഭാവികളല്ലാത്ത മിക്കയാളുകളും സമരത്തില്‍ പങ്കെടുക്കാതിരുന്നിട്ടുപോലും അറസ്റ്റ് ഭയന്ന് ബന്ധുവീടുകളിലേക്ക് മാറി.

രാഷ്ട്രീയനേതാക്കളുടെ സന്ദര്‍ശനംമൂലം വെള്ളിയാഴ്ച സജീവമായിരുന്ന കിനാലൂര്‍ ഏഴുകണ്ടി അങ്ങാടിയില്‍ ശനിയാഴ്ച ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ്.

രാഷ്ട്രീയനേതാക്കന്മാരും മനുഷ്യാവകാശപ്രവര്‍ത്തകരും എത്തിയപ്പോള്‍ അവരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍പോലും വീടുകളില്‍ ആളുകളില്ലായിരുന്നു.

ശനിയാഴ്ച വീട് സന്ദര്‍ശിച്ചവര്‍ക്ക് ''പുരുഷന്മാര്‍ വീട്ടിലില്ലെ''ന്ന മറുപടിയാണ് ലഭിച്ചത്. പലരും അപരിചിതര്‍ക്ക് വീടിന്റെ ഗേറ്റ് തുറന്നുകൊടുക്കാന്‍ പോലും തയ്യാറാവുന്നില്ല.

വെള്ളിയാഴ്ച രാത്രി പോലീസ് നടത്തിയ റെയ്‌ഡോടെയാണ് ആളുകള്‍ ഒഴിയാന്‍ തുടങ്ങിയത്. 150 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു എന്ന വാര്‍ത്ത വന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്.

ഏതുസമയത്തും തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടെന്ന് വീടൊഴീയുന്നവര്‍ പറയുന്നു. ജനങ്ങള്‍ കാണുമെന്നതിനാല്‍ പകല്‍സമയത്ത് അറസ്റ്റ് ചെയ്യില്ല. പാതിരാത്രിയില്‍ പോലീസ് വീട് വളഞ്ഞ് പിടികൂടുമെന്നാണ് ഇവര്‍ ഭയക്കുന്നത്.

ഇതേ അവസ്ഥയാണ് സമരത്തില്‍ പങ്കെടുത്ത കക്കോടി, കാക്കൂര്‍, മോരിക്കര എന്നിവിടങ്ങളിലുമുള്ളത്. അറസ്റ്റിനെ പേടിച്ച് തൊട്ടടുത്ത വീട്ടില്‍ വിവാഹത്തിന് പങ്കെടുക്കാന്‍പോലും പറ്റാത്ത അവസ്ഥയാണെന്ന് ജനജാഗ്രതാ സമിതിയുടെ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.

സമരസമിതി നേതാക്കളും വീട്ടിലില്ല. പലരും മൊബൈല്‍ഫോണ്‍ പോലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ജനജാഗ്രതാ സമിതിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പോലീസ് നീക്കം ശക്തമാക്കിയിരിക്കുന്നത്. ടെലിവിഷനില്‍ വന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചാണ് ആളുകളെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളടക്കമുള്ളവര്‍ ഭയപ്പെടുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെയാണ് പോലീസ് രാത്രികാലങ്ങളില്‍ റെയ്ഡ് നടത്തുന്നത്.

വെള്ളിയാഴ്ച രാത്രി നടന്ന റെയ്ഡ് വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ഡി.ജി.പി. ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

കിനാലൂര്‍ പാത: മന്ത്രിയുടെയും കളക്ടറുടെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേട്


Posted on: 09 May 2010



കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി എളമരം കരീമിന്റെ വാദവും ജില്ലാ കളക്ടറുടെ വിശദീകരണവും തമ്മില്‍ പൊരുത്തക്കേട്. കിനാലൂരിലേക്കുള്ള റോഡിന്റെ രൂപരേഖ ആയിട്ടില്ലെന്നും റോഡ് പ്രാവര്‍ത്തികമാകാന്‍ ഇനിയും കടമ്പകളുണ്ടെന്നുമായിരുന്നു വെള്ളിയാഴ്ച മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, ഇതിനു വിരുദ്ധമാണ് കിനാലൂരില്‍ പോലീസ്‌നടപടിയുണ്ടായ ദിവസം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലെ വിശദീകരണം.

റോഡിന്റെ അപര്യാപ്തതമൂലം സംരംഭകര്‍ പിന്മാറിയതോടെയാണ് വില്‍ബര്‍സ്മിത്ത് കണ്‍സള്‍ട്ടന്‍സിയോട് റോഡിന്റെ മൂന്നു അലൈന്‍മെന്റുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് കളക്ടര്‍ വിശദീകരിച്ചിരുന്നു. മാളിക്കടവില്‍നിന്നു തുടങ്ങി പാര്‍ഥസാരഥി-ചേളന്നൂര്‍-കാക്കൂര്‍-വട്ടോളി വഴി കിനാലൂര്‍ എസ്റ്റേറ്റിലേക്കുള്ള 26 കിലോമീറ്റര്‍ റോഡാണ് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തി. മന്ത്രിസഭാതലത്തിലും രാഷ്ട്രീയതലത്തിലും ചര്‍ച്ച ചെയ്ത് ഈ നിര്‍ദേശം അംഗീകരിച്ചശേഷമാണ് സ്ഥലമേറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം ലഭിച്ചത്- കളക്ടര്‍ പറഞ്ഞു. 26 കിലോമീറ്റര്‍ റോഡില്‍ നാലു മീറ്റര്‍ നിലവിലുള്ള റോഡുവഴിയും 22 കിലോമീറ്റര്‍ 30 മീറ്റര്‍ വീതിയില്‍ പുതിയ റോഡ് നിര്‍മിച്ചുമാണ് നിര്‍ദിഷ്ട പാതയൊരുക്കാന്‍ നിര്‍ദേശിച്ചതെന്നും കളക്ടര്‍ അറിയിച്ചു.

നാലുവരിപ്പാതയ്ക്കായി മൂന്നോ നാലോ നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് മന്ത്രിയുടെ മറ്റൊരു വിശദീകരണം. അതിലൊന്നാണ് മാളിക്കടവ്-കിനാലൂര്‍ പാത. പൊതുമരാമത്ത് വകുപ്പ് ഏറ്റവും അനുയോജ്യമെന്നു ചൂണ്ടിക്കാട്ടിയതിനാലാണ് ആദ്യം ഈ പാതയുടെ സര്‍വേ നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. മന്ത്രിസഭാതലത്തിലടക്കം തീരുമാനമുണ്ടായ ശേഷമാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയതെന്ന് കളക്ടറും റോഡിന്റെ രൂപരേഖപോലും ആയിട്ടില്ലെന് മന്ത്രിയും വിശദീകരിച്ചതോടെ സര്‍ക്കാര്‍ നടപടി സുതാര്യമല്ലെന്ന ആക്ഷേപം ശക്തമായി. പദ്ധതിയുടെ തുടക്കംമുതല്‍ ഇത്തരം ദുരൂഹതകളുണ്ടെന്ന് സമരരംഗത്തുള്ളവര്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ കൂടുതല്‍ വ്യക്തമായിവരികയാണെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ പദ്ധതിസംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും പുറത്തുവിടണമെന്നാണ് ഇവരുടെ ആവശ്യം.

പോലീസ്‌നടപടിയെത്തുടര്‍ന്ന് മെയ് ആറിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കിനാലൂരില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിയത്. ജനങ്ങളുടെ ആശങ്ക അകറ്റിയശേഷം സര്‍വേ നടപടി പുനരാരംഭിക്കുമെന്ന് അന്നുതന്നെ ജില്ലാ കളക്ടര്‍ പത്രക്കുറിപ്പ് ഇറക്കിയതും വിവാദമായി. നയപരമായ കാര്യത്തില്‍, മുഖ്യമന്ത്രി നിര്‍ദേശിച്ചശേഷം ജില്ലാ കളക്ടര്‍ക്ക് മറിച്ചൊരു അഭിപ്രായം പറയാന്‍ അധികാരമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.

കിനാലൂര്‍ സംഘര്‍ഷം: 'സോളിഡാരിറ്റി'യുടെ ആസൂത്രിത ശ്രമമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

മാതൃഭൂമി

Posted on: 09 May 2010



പോലീസിന് വീഴ്ചപറ്റി




കോഴിക്കോട്: കിനാലൂരില്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ 'സോളിഡാരിറ്റി' ആസൂത്രണം നടത്തിയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

സമരക്കാരുടെ പിറകില്‍നിന്ന് കല്ലെറിഞ്ഞതും പോലീസിന്റെ ദേഹത്തൊഴിക്കാന്‍ ചാണകം കൊണ്ടുവന്നതും സോളിഡാരിറ്റി പ്രവര്‍ത്തകരാണെന്ന് മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചാണകവും ചൂലുമുപയോഗിച്ചുള്ള ഈ സമരശൈലിക്ക്മാവോവാദികളുടെ ആക്രമണശൈലിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കല്ലേറിനുശേഷം വീടുകളില്‍ച്ചെന്ന് പോലീസ് നടത്തിയ അക്രമം വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റ് ചെയ്ത് സമരക്കാരെ നീക്കം ചെയ്യുന്നതിനിടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ പിറകില്‍നിന്ന് കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞശേഷം അവര്‍ പിന്‍വലിഞ്ഞു. ലാത്തിച്ചാര്‍ജില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത് ഇതിനു തെളിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസുകാരുടെ ദേഹത്തൊഴിക്കാന്‍ കന്നാസിലാണ് ചാണകം കൊണ്ടുവന്നത്. ഇത് ഏഴുകണ്ടിയിലെ ഒരു വീട്ടില്‍നിന്ന് കലക്കി രണ്ടു ബക്കറ്റുകളിലാക്കി സൂക്ഷിക്കുകയായിരുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് രണ്ടു ബക്കറ്റുകളും മൂടിവെച്ച് കുടിവെള്ളമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

സമരത്തിനുവന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഭൂരിഭാഗം പേര്‍ക്കും സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രണത്തെക്കുറിച്ച് അറിയില്ലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി സമരം ചെയ്തത് ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു.

അതേസമയം, സമരക്കാര്‍ക്കെതിരായ നടപടിയില്‍ പോലീസിന് വീഴ്ച പറ്റി. വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിച്ചതും പോലീസാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായിട്ടുണ്ട്. വീടുകളില്‍ കയറി സ്ത്രീകളെ ചീത്തപറഞ്ഞതടക്കമുള്ള വീഴ്ചകള്‍ പോലീസിനു പറ്റിയിട്ടുണ്ട്. ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ രോഷത്തിലാണ് ഇത് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിനാലൂരിലെത്തി പരിക്കേറ്റവരില്‍നിന്നും സംഘര്‍ഷം നടന്നതിനു സമീപത്തെ വീടുകളില്‍നിന്നും തെളിവെടുത്തും ചാനലുകളുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചുമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഡിവൈ. എസ്.പി. സുനില്‍ബാബു, സി.ഐ. സുരേഷ് എന്നിവരാണ് കിനാലൂരിലെത്തി വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയത്.