Monday, May 10, 2010

കിനാലൂര്‍ സംഘര്‍ഷം: 'സോളിഡാരിറ്റി'യുടെ ആസൂത്രിത ശ്രമമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

മാതൃഭൂമി

Posted on: 09 May 2010



പോലീസിന് വീഴ്ചപറ്റി




കോഴിക്കോട്: കിനാലൂരില്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ 'സോളിഡാരിറ്റി' ആസൂത്രണം നടത്തിയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

സമരക്കാരുടെ പിറകില്‍നിന്ന് കല്ലെറിഞ്ഞതും പോലീസിന്റെ ദേഹത്തൊഴിക്കാന്‍ ചാണകം കൊണ്ടുവന്നതും സോളിഡാരിറ്റി പ്രവര്‍ത്തകരാണെന്ന് മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചാണകവും ചൂലുമുപയോഗിച്ചുള്ള ഈ സമരശൈലിക്ക്മാവോവാദികളുടെ ആക്രമണശൈലിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കല്ലേറിനുശേഷം വീടുകളില്‍ച്ചെന്ന് പോലീസ് നടത്തിയ അക്രമം വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റ് ചെയ്ത് സമരക്കാരെ നീക്കം ചെയ്യുന്നതിനിടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ പിറകില്‍നിന്ന് കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞശേഷം അവര്‍ പിന്‍വലിഞ്ഞു. ലാത്തിച്ചാര്‍ജില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത് ഇതിനു തെളിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസുകാരുടെ ദേഹത്തൊഴിക്കാന്‍ കന്നാസിലാണ് ചാണകം കൊണ്ടുവന്നത്. ഇത് ഏഴുകണ്ടിയിലെ ഒരു വീട്ടില്‍നിന്ന് കലക്കി രണ്ടു ബക്കറ്റുകളിലാക്കി സൂക്ഷിക്കുകയായിരുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് രണ്ടു ബക്കറ്റുകളും മൂടിവെച്ച് കുടിവെള്ളമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

സമരത്തിനുവന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഭൂരിഭാഗം പേര്‍ക്കും സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രണത്തെക്കുറിച്ച് അറിയില്ലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി സമരം ചെയ്തത് ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു.

അതേസമയം, സമരക്കാര്‍ക്കെതിരായ നടപടിയില്‍ പോലീസിന് വീഴ്ച പറ്റി. വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിച്ചതും പോലീസാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായിട്ടുണ്ട്. വീടുകളില്‍ കയറി സ്ത്രീകളെ ചീത്തപറഞ്ഞതടക്കമുള്ള വീഴ്ചകള്‍ പോലീസിനു പറ്റിയിട്ടുണ്ട്. ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ രോഷത്തിലാണ് ഇത് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിനാലൂരിലെത്തി പരിക്കേറ്റവരില്‍നിന്നും സംഘര്‍ഷം നടന്നതിനു സമീപത്തെ വീടുകളില്‍നിന്നും തെളിവെടുത്തും ചാനലുകളുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചുമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഡിവൈ. എസ്.പി. സുനില്‍ബാബു, സി.ഐ. സുരേഷ് എന്നിവരാണ് കിനാലൂരിലെത്തി വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയത്.

No comments:

Post a Comment