Monday, May 10, 2010

പുറമെ ശാന്തമെങ്കിലും കിനാലൂരിന്റെ അകം പുകയുന്നു


Posted on: 10 May 2010



ബാലുശ്ശേരി:കിനാലൂരും സമീപ പ്രദേശങ്ങളും പുറമെ സാധാരണ നിലയിലായെങ്കിലും ഭീതിയൊഴിയാത്ത ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും അശാന്തി.

പോലീസിനെ കല്ലേറിയുകയും ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിയടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും ചെയെ്തന്ന കുറ്റത്തിന് 150 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള തത്രപ്പാടിലാണ്. പരിക്കേറ്റ് വീടുകളില്‍ കഴിയുന്ന സമരനേതാക്കള്‍ക്കും അറസ്റ്റ് ഭീഷണിയുണ്ട്. കൂടാതെ, രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള അകല്‍ച്ചയും വര്‍ധിച്ചു. നേതാക്കളും സാമൂഹിക, സാംസ്‌കാരിക സംഘടനാപ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിക്കുന്നുണ്ടെങ്കിലും വരുംദിവസങ്ങളിലും സംഘര്‍ഷമുണ്ടാകുമോ എന്നതാണ് നാട്ടുകാരുടെ ഭയം. കിനാലൂരിലെത്തുന്ന നേതാക്കളെല്ലാം പോലീസ് അതിക്രമം കാട്ടിയ രണ്ടു വീടുകളും പരിക്ക് പറ്റിയ നേതാക്കളെയും സന്ദര്‍ശിച്ച് പ്രസ്താവനകളിറക്കി സ്ഥലം വിടുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ പലരും ആ വിവരം പുറത്തുപറയാതെ വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. മോരിക്കര, കാക്കൂര്‍, നന്മണ്ട ഭാഗങ്ങളില്‍ നിന്നെത്തിയ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സമരനേതാക്കള്‍ പറയുന്നു. സമരത്തിന് നേതൃത്വം നല്‍കുന്നവരാരുംതന്നെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കിനാലൂര്‍ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് സമരത്തില്‍ പങ്കെടുത്ത ജനകീയ ഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.

No comments:

Post a Comment