Monday, May 10, 2010

പോലീസ് ഭീതി പരത്തുന്നു; കിനാലൂരില്‍ ജനം വീടൊഴിയുന്നു


Posted on: 09 May 2010





കിനാലൂര്‍: പോലീസ് അറസ്റ്റ് ചെയേ്തക്കുമെന്ന ഭയംമൂലം കിനാലൂരില്‍ ജനങ്ങള്‍ വീടൊഴിയുന്നു. മിക്ക വീടുകളിലും വെള്ളിയാഴ്ച രാത്രി മുതല്‍ പുരുഷന്മാരില്ലാത്ത അവസ്ഥയാണ്. ചില വീടുകളില്‍നിന്ന് പരിക്കേറ്റ സ്ത്രീകളും കുട്ടികളുമെല്ലാം ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

അറസ്റ്റ് ഭയന്ന് പരിക്കേറ്റവര്‍ ആസ്​പത്രികളില്‍ ചികിത്സ തേടാനും മടിക്കുകയാണ്. പലരും ബന്ധുവീടുകളില്‍ പോയി അവിടെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെയും നാട്ടുവൈദ്യന്മാരെയുമാണ് സമീപിക്കുന്നത്. സി.പി.എം. അനുഭാവികളല്ലാത്ത മിക്കയാളുകളും സമരത്തില്‍ പങ്കെടുക്കാതിരുന്നിട്ടുപോലും അറസ്റ്റ് ഭയന്ന് ബന്ധുവീടുകളിലേക്ക് മാറി.

രാഷ്ട്രീയനേതാക്കളുടെ സന്ദര്‍ശനംമൂലം വെള്ളിയാഴ്ച സജീവമായിരുന്ന കിനാലൂര്‍ ഏഴുകണ്ടി അങ്ങാടിയില്‍ ശനിയാഴ്ച ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ്.

രാഷ്ട്രീയനേതാക്കന്മാരും മനുഷ്യാവകാശപ്രവര്‍ത്തകരും എത്തിയപ്പോള്‍ അവരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍പോലും വീടുകളില്‍ ആളുകളില്ലായിരുന്നു.

ശനിയാഴ്ച വീട് സന്ദര്‍ശിച്ചവര്‍ക്ക് ''പുരുഷന്മാര്‍ വീട്ടിലില്ലെ''ന്ന മറുപടിയാണ് ലഭിച്ചത്. പലരും അപരിചിതര്‍ക്ക് വീടിന്റെ ഗേറ്റ് തുറന്നുകൊടുക്കാന്‍ പോലും തയ്യാറാവുന്നില്ല.

വെള്ളിയാഴ്ച രാത്രി പോലീസ് നടത്തിയ റെയ്‌ഡോടെയാണ് ആളുകള്‍ ഒഴിയാന്‍ തുടങ്ങിയത്. 150 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു എന്ന വാര്‍ത്ത വന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്.

ഏതുസമയത്തും തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടെന്ന് വീടൊഴീയുന്നവര്‍ പറയുന്നു. ജനങ്ങള്‍ കാണുമെന്നതിനാല്‍ പകല്‍സമയത്ത് അറസ്റ്റ് ചെയ്യില്ല. പാതിരാത്രിയില്‍ പോലീസ് വീട് വളഞ്ഞ് പിടികൂടുമെന്നാണ് ഇവര്‍ ഭയക്കുന്നത്.

ഇതേ അവസ്ഥയാണ് സമരത്തില്‍ പങ്കെടുത്ത കക്കോടി, കാക്കൂര്‍, മോരിക്കര എന്നിവിടങ്ങളിലുമുള്ളത്. അറസ്റ്റിനെ പേടിച്ച് തൊട്ടടുത്ത വീട്ടില്‍ വിവാഹത്തിന് പങ്കെടുക്കാന്‍പോലും പറ്റാത്ത അവസ്ഥയാണെന്ന് ജനജാഗ്രതാ സമിതിയുടെ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.

സമരസമിതി നേതാക്കളും വീട്ടിലില്ല. പലരും മൊബൈല്‍ഫോണ്‍ പോലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ജനജാഗ്രതാ സമിതിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പോലീസ് നീക്കം ശക്തമാക്കിയിരിക്കുന്നത്. ടെലിവിഷനില്‍ വന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചാണ് ആളുകളെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളടക്കമുള്ളവര്‍ ഭയപ്പെടുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെയാണ് പോലീസ് രാത്രികാലങ്ങളില്‍ റെയ്ഡ് നടത്തുന്നത്.

വെള്ളിയാഴ്ച രാത്രി നടന്ന റെയ്ഡ് വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ഡി.ജി.പി. ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

No comments:

Post a Comment