Monday, May 10, 2010

മന്ത്രിയുടെ വാദം പൊളിയുന്നു: കിനാലൂരില്‍ അക്രമം നടത്തിയത് പോലീസ് തന്നെ


എളമരത്തിന്‍റെ ചപ്പടാച്ചി


Posted on: 10 May 2010





കോഴിക്കോട്: കിനാലൂരില്‍ സമരക്കാരുടെ കല്ലേറിലും അക്രമത്തിലുമാണ് നാട്ടുകാര്‍ക്ക് പരിക്കേറ്റതെന്ന വ്യവസായ മന്ത്രി എളമരം കരീമിന്റെ വാദം പൊളിഞ്ഞു. സമരക്കാരുടെ അക്രമത്തില്‍ പരിക്കേറ്റ ആളെന്ന് വിശേഷിപ്പിച്ച് കൈതച്ചാലില്‍ അബ്ദുറഹിമാന്‍ എന്ന ആളെ ശനിയാഴ്ച ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ്. പൊതുയോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നു. താന്‍ സമരത്തില്‍ പങ്കെടുത്ത ആളല്ലെന്നും സമരക്കാരുടെ കല്ലേറിലാണ് തലയ്ക്ക് പരിക്കേറ്റതെന്നും അബ്ദുറഹ്മാന്‍ പ്രസംഗവേദിയിലെത്തി വിശദീകരിക്കുകയും ചെയ്തു. പത്രങ്ങളിലെല്ലാം ചോരയൊലിപ്പിച്ചു നില്‍ക്കുന്ന അബ്ദുറഹ്മാന്റെ പടം പ്രസിദ്ധീകരിച്ചിരുന്നു.

അബ്ദുറഹ്മാന്റെ വിശദീകരണത്തിനുശേഷമാണ് മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച് എളമരം കരീം പ്രസംഗിച്ചത്.

കിനാലൂര്‍ സംഭവത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് ചിത്രീകരിച്ചതെന്ന് ആക്ഷേപിച്ച മന്ത്രി അബ്ദുറഹ്മാന്റെ പടമുള്ള പത്രമുയര്‍ത്തിപ്പിടിച്ചാണ് പ്രസംഗിച്ചത്. അബ്ദുറഹ്മാന്റെ വെളിപ്പെടുത്തലോടെ ഈ കള്ളക്കളി പൊളിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിയുടെ പ്രസംഗത്തിന് അകമ്പടിയായി മാധ്യമങ്ങള്‍ക്ക് എതിരെ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.

ഇതേത്തുടര്‍ന്ന് അബ്ദുറഹ്മാനെ പോലീസുകാര്‍ അടിച്ചോടിക്കുന്ന ദൃശ്യം വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു. അതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. ആക്രോശിച്ചും അസഭ്യം വിളിച്ചും അബ്ദുറഹ്മാന്റെ പിന്നാലെ പോലീസ് ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന അബ്ദുറഹ്മാന്‍ ഭിത്തിയില്‍ തലയിടിച്ചു വീഴുന്നതും 'എന്നെ തല്ലി' എന്നുപറഞ്ഞ് കരയുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

പരക്കെ പ്രതിഷേധമുയര്‍ന്നുവെങ്കിലും കിനാലൂരിലെ പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് മന്ത്രി എളമരം കരീമും സി.പി.എമ്മും ചെയ്തത്. അതിന് ബലം പകരാനാണ് സി.പി.എം. അനുഭാവി കൂടിയായ അബ്ദുറഹ്മാനെ ഉപയോഗിച്ച് പ്രചാരണം തുടങ്ങിയത്. ഈ വാദം പൊളിഞ്ഞതോടെ പോലീസ് നടപടിയുടെ കാര്യത്തില്‍ സി.പി.എം. കൂടുതല്‍ പ്രതിരോധത്തിലായി. പോലീസുകാര്‍ ഓടിച്ചപ്പോള്‍ അബ്ദുറഹ്മാന്‍ ഭിത്തിയില്‍ തട്ടി വീണെന്നാണ് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലെയും പരാമര്‍ശം.

No comments:

Post a Comment