Monday, May 10, 2010

കിനാലൂര്‍ പാത: മന്ത്രിയുടെയും കളക്ടറുടെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേട്


Posted on: 09 May 2010



കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി എളമരം കരീമിന്റെ വാദവും ജില്ലാ കളക്ടറുടെ വിശദീകരണവും തമ്മില്‍ പൊരുത്തക്കേട്. കിനാലൂരിലേക്കുള്ള റോഡിന്റെ രൂപരേഖ ആയിട്ടില്ലെന്നും റോഡ് പ്രാവര്‍ത്തികമാകാന്‍ ഇനിയും കടമ്പകളുണ്ടെന്നുമായിരുന്നു വെള്ളിയാഴ്ച മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, ഇതിനു വിരുദ്ധമാണ് കിനാലൂരില്‍ പോലീസ്‌നടപടിയുണ്ടായ ദിവസം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലെ വിശദീകരണം.

റോഡിന്റെ അപര്യാപ്തതമൂലം സംരംഭകര്‍ പിന്മാറിയതോടെയാണ് വില്‍ബര്‍സ്മിത്ത് കണ്‍സള്‍ട്ടന്‍സിയോട് റോഡിന്റെ മൂന്നു അലൈന്‍മെന്റുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് കളക്ടര്‍ വിശദീകരിച്ചിരുന്നു. മാളിക്കടവില്‍നിന്നു തുടങ്ങി പാര്‍ഥസാരഥി-ചേളന്നൂര്‍-കാക്കൂര്‍-വട്ടോളി വഴി കിനാലൂര്‍ എസ്റ്റേറ്റിലേക്കുള്ള 26 കിലോമീറ്റര്‍ റോഡാണ് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തി. മന്ത്രിസഭാതലത്തിലും രാഷ്ട്രീയതലത്തിലും ചര്‍ച്ച ചെയ്ത് ഈ നിര്‍ദേശം അംഗീകരിച്ചശേഷമാണ് സ്ഥലമേറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം ലഭിച്ചത്- കളക്ടര്‍ പറഞ്ഞു. 26 കിലോമീറ്റര്‍ റോഡില്‍ നാലു മീറ്റര്‍ നിലവിലുള്ള റോഡുവഴിയും 22 കിലോമീറ്റര്‍ 30 മീറ്റര്‍ വീതിയില്‍ പുതിയ റോഡ് നിര്‍മിച്ചുമാണ് നിര്‍ദിഷ്ട പാതയൊരുക്കാന്‍ നിര്‍ദേശിച്ചതെന്നും കളക്ടര്‍ അറിയിച്ചു.

നാലുവരിപ്പാതയ്ക്കായി മൂന്നോ നാലോ നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് മന്ത്രിയുടെ മറ്റൊരു വിശദീകരണം. അതിലൊന്നാണ് മാളിക്കടവ്-കിനാലൂര്‍ പാത. പൊതുമരാമത്ത് വകുപ്പ് ഏറ്റവും അനുയോജ്യമെന്നു ചൂണ്ടിക്കാട്ടിയതിനാലാണ് ആദ്യം ഈ പാതയുടെ സര്‍വേ നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. മന്ത്രിസഭാതലത്തിലടക്കം തീരുമാനമുണ്ടായ ശേഷമാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയതെന്ന് കളക്ടറും റോഡിന്റെ രൂപരേഖപോലും ആയിട്ടില്ലെന് മന്ത്രിയും വിശദീകരിച്ചതോടെ സര്‍ക്കാര്‍ നടപടി സുതാര്യമല്ലെന്ന ആക്ഷേപം ശക്തമായി. പദ്ധതിയുടെ തുടക്കംമുതല്‍ ഇത്തരം ദുരൂഹതകളുണ്ടെന്ന് സമരരംഗത്തുള്ളവര്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ കൂടുതല്‍ വ്യക്തമായിവരികയാണെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ പദ്ധതിസംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും പുറത്തുവിടണമെന്നാണ് ഇവരുടെ ആവശ്യം.

പോലീസ്‌നടപടിയെത്തുടര്‍ന്ന് മെയ് ആറിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കിനാലൂരില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിയത്. ജനങ്ങളുടെ ആശങ്ക അകറ്റിയശേഷം സര്‍വേ നടപടി പുനരാരംഭിക്കുമെന്ന് അന്നുതന്നെ ജില്ലാ കളക്ടര്‍ പത്രക്കുറിപ്പ് ഇറക്കിയതും വിവാദമായി. നയപരമായ കാര്യത്തില്‍, മുഖ്യമന്ത്രി നിര്‍ദേശിച്ചശേഷം ജില്ലാ കളക്ടര്‍ക്ക് മറിച്ചൊരു അഭിപ്രായം പറയാന്‍ അധികാരമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.

No comments:

Post a Comment