Thursday, April 19, 2012

ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസനം അനുവദിക്കരുത്: ഡോ. അച്യുതന്‍

കോഴിക്കോട്: ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസനം അനുവദിക്കരുതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍.
മണ്ണൂത്തി-ഇടപ്പള്ളി റോഡിലെ ടോള്‍ നിരക്കു കുറക്കുന്നതു കൊണ്ടു കാര്യമില്ല. ടോള്‍ പൂര്‍ണമായി ഇല്ലാതാക്കണം. ദേശീയ പാത സ്വകാര്യവല്‍ക്കരണ-കുടിയിറക്കു വിരുദ്ധ സമിതിയുടെ ജനകീയ സമരസംഗമം മൊഫ്യൂസില്‍ ബസ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോള മൂലധനത്തിന് കൊള്ളലാഭമുണ്ടാക്കുക എന്നതാണ് പാത ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന്റെ ലക്ഷ്യം. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി നിരവധി നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മാണത്തിനു സര്‍ക്കാരിനു പണമില്ല എന്ന വാദം ശരിയല്ല. നികുതിയിളവുകളും മറ്റുമായി കോടിക്കണക്കിനു രൂപയുടെ ആനുകൂല്യമാണ് റോഡ് നിര്‍മാണ കമ്പനിക്കു നല്‍കുന്നത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അഭിപ്രായ പ്രകാരം നാലുവരി പാതക്ക് 30 മീറ്റര്‍ മതിയെന്നിരിക്കേ 45 മീറ്റര്‍ ആക്കണമെന്നാവശ്യപ്പെടുന്നത് അമിതവേഗത്തില്‍ യാത്രചെയ്യണമെന്നാവശ്യപ്പെടുന്ന പത്തു ശതമാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ്.
45 മീറ്ററില്‍ റോഡ് പണിയുക എന്നതിനേക്കാള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തിനാണ് പ്രാധാന്യം. ടോള്‍ ഏര്‍പ്പെടുത്തുന്നത് പണത്തിന്റെ പ്രശ്‌നമല്ല. പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശം ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ് പ്രശ്‌നം.

തൃശ്ശൂര്‍ പാലിയേക്കരയില്‍ റോഡിനോടൊപ്പം പൂര്‍ത്തികരിക്കുമെന്നു വാഗ്ദാനം ചെയ്ത നിരവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ അന്താരാഷ്ട്ര മൂലധനത്തിന്റെ സര്‍ക്കാരാണോ ജനങ്ങളുടെ സര്‍ക്കാരാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത സ്വകാര്യവല്‍ക്കരണ-കുടിയിറക്കു വിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ കെ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ടി എല്‍ സന്തോഷ്, ഡോ.ആസാദ്, കെ എസ് ഹരിഹരന്‍, സി എ അജിതന്‍,അഡ്വ.പി കുമാരന്‍കുട്ടി, പി ടി ഹരിദാസ് സംസാരിച്ചു.

പാലിയേക്കര സത്യാഗ്രഹം- മാധ്യമം എഡിറ്റോറിയല്‍

19/04/2012
പൊതുവഴികളെ ജാതിമേധാവികള്‍ കുത്തകയാക്കിവെക്കുന്നതിനെതിരെ, മുഴുവന്‍ മനുഷ്യരുടെയും സഞ്ചാര സ്വാതന്ത്രൃത്തിനും പൊതുവഴികളുടെ 'പൊതുത്വ'ത്തിനും വേണ്ടി നടന്ന സമരങ്ങള്‍ കേരളീയ നവോത്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊതുവഴികളിലെ സവര്‍ണ കുത്തക അവസാനിപ്പിച്ച നമ്മള്‍ ഇന്ന് പുത്തന്‍ മൂലധന ശക്തികള്‍ പൊതുവഴികള്‍ കൈയേറി ചുങ്കം പിരിക്കുന്നതിനെ നിസ്സംഗമായി നോക്കിനില്‍ക്കുകയാണ്. തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍, ദേശീയപാതയിലെ ചുങ്കപ്പിരിവിനെതിരെ കഴിഞ്ഞ ഫെബ്രുവരി 19 മുതല്‍ നടക്കുന്ന നിരാഹാര സത്യഗ്രഹ സമരം ചരിത്രപ്രസക്തവും നിര്‍ണായകവുമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. മുഴുവന്‍ മലയാളികളുടെയും ശ്രദ്ധയും പിന്തുണയും ആ സമരം ആവശ്യപ്പെടുന്നുണ്ട്. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളെപ്പോലെ ചരിത്രപരമാണ് പാലിയേക്കര സത്യഗ്രഹവും.
ബി.ഒ.ടി രീതിയിലുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കണക്കുകളും അക്കങ്ങളും പരിശോധിക്കാന്‍നിന്നാല്‍ നാം ശരിക്കും സ്തബ്ധരായിപ്പോകും. 2ജി സ്പെക്ട്രം അഴിമതിയെക്കാള്‍ വലുതാണിതെന്ന് വി.എം. സുധീരന്‍ പറഞ്ഞത് ഈ അക്കങ്ങളുടെ വ്യാപ്തി കണ്ടിട്ടാണ്. നമുക്ക് ആ കണക്കുകളിലേക്ക് ചെറുതായൊന്ന് പോകാം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കണക്കില്‍ ഒരു കി.മീ നാലുവരിപ്പാത നിര്‍മിക്കാന്‍ ആറുമുതല്‍ ഏഴരക്കോടി രൂപവരെയാണ് ചെലവ്. ബി.ഒ.ടി കമ്പനിക്കാരന്റെ കണക്കില്‍ ഇത് 17 മുതല്‍ 25 കോടി രൂപവരെ! കാസര്‍കോട് മുതല്‍ ഇടപ്പള്ളിവരെയുള്ള ദേശീയപാത നാലുവരിയാക്കാന്‍ പി.ഡബ്ല്യു.ഡി കണക്ക് പ്രകാരം 3000 കോടി രൂപ (പാലങ്ങളും അനുബന്ധ സംവിധാനങ്ങളുമുള്‍പ്പെടെ). സ്വകാര്യ ബി.ഒ.ടിക്കാരുടെ കണക്കില്‍ ഇത് 8000 കോടി രൂപ. സ്വകാര്യ കമ്പനികളുമായി സര്‍ക്കാറുണ്ടാക്കിയ കരാര്‍ പ്രകാരം മൊത്തം നിര്‍മാണച്ചെലവിന്റെ (ആ ചെലവ് കമ്പനിയാണ് നിശ്ചയിക്കുന്നത്!) 40 ശതമാനം സര്‍ക്കാര്‍ നല്‍കണം. അതായത് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് പി.ഡബ്ല്യു.ഡി കണക്കാക്കിയ 3000 കോടിയേക്കാള്‍ അധികം തുക (3200 കോടി രൂപ) സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കണം. ആ പണം കൊണ്ട് സ്വകാര്യ കമ്പനി റോഡ് വിപുലീകരിക്കും. കൂടാതെ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കല്‍, സ്ഥലവാസികള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയും സര്‍ക്കാര്‍തന്നെ നിര്‍വഹിക്കണം. കോടിക്കണക്കിന് രൂപ ഇതിനു വേണ്ടിയും സര്‍ക്കാര്‍ മാറ്റി വെക്കണം. ഇങ്ങനെയൊക്കെ ആയ ശേഷം ബഹുമാനപ്പെട്ട സ്വകാര്യ കമ്പനി റോഡ് നിര്‍മിച്ചു കഴിഞ്ഞാല്‍ 30 വര്‍ഷത്തേക്ക് റോഡിന് ഉടമസ്ഥാവകാശം റോഡ് പണി നടത്തിയ കമ്പനിക്കാണ്. നോക്കണേ, നേരത്തെ നിലവിലുള്ള റോഡ്, അതിന് ഇരുവശവും സര്‍ക്കാര്‍ അധികമായി ഏറ്റെടുത്ത് നല്‍കിയ ഭൂമി, റോഡ് നിര്‍മാണത്തിന് 40 ശതമാനം ഗ്രാന്റ് ഇതെല്ലാത്തിനു ശേഷവും റോഡിന്റെ 30 കൊല്ലത്തെ ഉടമ പണി നടത്തിയ കമ്പനിയും! ഇക്കാലയളവില്‍ കമ്പനി തോന്നിയമാതിരി ചുങ്കം പിരിക്കും. ചുങ്ക റോഡിന് സമാന്തരമായി മറ്റൊരു റോഡും ഈ 30 കൊല്ലത്തിനിടയില്‍ സര്‍ക്കാര്‍ പണിയാന്‍ പാടില്ല എന്നൊരു വ്യവസ്ഥയുമുണ്ട്. ചുങ്ക നിരക്ക് ആവശ്യാനുസൃതം വര്‍ധിപ്പിക്കാനുള്ള അവകാശവും സ്വകാര്യ കമ്പനിയില്‍ നിക്ഷിപ്തമത്രെ. ചെറിയ വണ്ടികള്‍ക്ക് (കാര്‍, ജീപ്പ്) കിലോ മീറ്ററിന് 85 പൈസയെന്നാണ് ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക (ഭാരവണ്ടികള്‍, ലോറികള്‍ എന്നിവക്ക് യഥാക്രമം 4.70 രൂപ, മൂന്നു രൂപ എന്നിങ്ങനെയും). ഇപ്പോഴത്തെ ഈ നിരക്കുതന്നെ തുടരുകയാണെങ്കില്‍ 30 വര്‍ഷം കൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ബഹുകോടികള്‍ വാരിയെടുക്കാനുള്ള കേന്ദ്രങ്ങളായി ഓരോ ടോള്‍ ബൂത്തും മാറും.
കൈയില്‍ കാശില്ലെന്ന സ്ഥിരം ന്യായത്തിലാണ് റോഡ് നിര്‍മാണം സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നത്. ഇന്ധന നികുതി, വാഹന നികുതി, റോഡ് നികുതി, രജിസ്ട്രേഷന്‍ ചാര്‍ജ്, ലൈസന്‍സ് ഫീ, ഗതാഗത പിഴ എന്നിവയിലൂടെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്ന കോടികള്‍ എങ്ങോട്ടാണ് പോകുന്നത്? ഹൈവെ വികസനത്തിനുവേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ലിറ്ററിന് മൂന്ന് രൂപ ഇന്ധന സെസ് വാങ്ങുന്നതിന്റെ അര്‍ഥമെന്താണ്? കൈയില്‍ കാശില്ലെന്ന് പറയുന്ന അതേ സര്‍ക്കാര്‍ ബഹുകോടികള്‍ സ്വകാര്യ കമ്പനികള്‍ക്ക് റോഡ് നിര്‍മാണത്തിന് ഗ്രാന്റായി നല്‍കുന്നതെങ്ങനെയാണ്? ഹൈവെ വികസനവുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങള്‍ അനന്തമാണ്. അങ്ങേയറ്റം ദുരൂഹവും അപസര്‍പ്പക സ്വഭാവത്തിലുള്ളതുമായ കളികളാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തം.
ചുങ്കപ്പാതകള്‍ ലോകത്തെങ്ങും യാഥാര്‍ഥ്യമായിക്കഴിഞ്ഞു, നമുക്ക് മാത്രം പിന്തിരിയാന്‍ കഴിയില്ല എന്നതാണ് ചുങ്കവാദികളുടെ ഒരു ന്യായം. ശരിയാണ്, കിടയറ്റ സൗകര്യങ്ങളോടു കൂടി സ്വകാര്യ പാതകള്‍ ലോകത്ത് പലേടത്തുമുണ്ട്. എന്നാല്‍, പൊതുപാതകളെ നശിപ്പിച്ചു കൊണ്ടല്ല, വികസിപ്പിച്ചതിന് ശേഷമാണ് അവിടങ്ങളില്‍ അത്തരം പാതകള്‍ പണിയുന്നത്. ഇവിടെ നടക്കുന്നത് അതല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിത ദേശീയപാതകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയാണ്. അവര്‍ അതിന്റെ അപ്പുറവും ഇപ്പുറവും സര്‍ക്കാര്‍ ഏറ്റെടുത്തു കൊടുത്ത ഭൂമിയില്‍ അല്‍പം മണ്ണും ടാറുമിട്ട് തങ്ങളുടേതാക്കുന്നു. കേരളത്തില്‍ വ്യാപകമായ ഇട റോഡുകളില്‍നിന്ന് ഹൈവേയിലേക്കുള്ള പ്രവേശനം പോലും നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു.
പാലിയേക്കരയില്‍ നടക്കുന്ന സമരം പൊതുപാതകള്‍ അന്യാധീനപ്പെടുന്നതിനെതിരായ ചരിത്രപരമായ ചെറുത്തുനില്‍പാണ്. വന്‍കിട നിര്‍മാണ കമ്പനികള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കെടുത്താണ് ഒറ്റ നോട്ടത്തില്‍തന്നെ അറുപിന്തിരിപ്പനായ ഈ പദ്ധതിയുമായി മുന്നോട്ടുപോവുന്നത്. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരത്തോട് മുഖം തിരിക്കുന്നതും. കേരളത്തിലെ ദേശീയപാതകളുടെ ഇരുവശങ്ങളിലും കത്തിപ്പടരുന്ന ജനരോഷത്തെ അവര്‍ അവഗണിക്കുന്നതും അതുകൊണ്ടുതന്നെ. മൂലധന, കുത്തക താല്‍പര്യങ്ങള്‍ക്കെതിരെ ഗീര്‍വാണം മുഴക്കുന്ന സി.പി.എമ്മും ഈ സമരത്തില്‍നിന്ന് അകലെയാണ്. സ്വകാര്യ കുത്തകകള്‍ അവരെയും വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നുവെന്നതാണ് സത്യം. പക്ഷേ, ഇടതുപക്ഷത്ത് തന്നെയുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് വിഷയത്തെ ഗൗരവത്തില്‍ പഠിക്കാനും ഹൈവെ വികസനത്തിന്റെ പേരിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതികരിക്കാനുമുണ്ട്. മുഖ്യധാരാ കക്ഷികള്‍ കൈയൊഴിഞ്ഞ ജനകീയ പ്രശ്നങ്ങളെ ഏറ്റെടുക്കുന്ന നവസാമൂഹിക മുന്നേറ്റങ്ങളാണ് നമ്മുടെ കാലത്ത് രാഷ്ട്രീയത്തെ സജീവമാക്കുന്നത്. അത്തരം ശക്തികളും സംഘങ്ങളുമാണ് പാലിയേക്കര സമരത്തിന്റെ ഊര്‍ജം. ചരിത്രപരമായ വലിയൊരു ദൗത്യമാണ് പാലിയേക്കരയിലെ സത്യഗ്രഹികള്‍ ഏറ്റെടുത്തിരിക്കന്നത്. അവരെ പിന്തുണക്കേണ്ടത് നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്.

ടോള്‍ നിരക്ക് കുറയ്ക്കും, സമയം കൂട്ടും: മുഖ്യമന്ത്രി

ടോള്‍ നിരക്ക് കുറയ്ക്കും, സമയം കൂട്ടും: മുഖ്യമന്ത്രി

doolnews.com

April 18th, 2012

തിരുവനന്തപുരം: അങ്കമാലി-മണ്ണൂത്തി ദേശീയ പാതയിലെ നിലവിലുള്ള ടോള്‍നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും സമരസമിതി പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച പ്രശ്‌നം തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനനുസരിച്ച് ടോള്‍ പിരിക്കുന്ന കാലപരിധി വര്‍ധിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ദേശീയ പാതയില്‍ ആവശ്യത്തിന് തെരുവ് വിളക്കുകളും സിഗ്നല്‍ സംവിധാനവും സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി എടുക്കും. ഡ്രെയിനേജ് സംവിധാനത്തിന്റെ കാര്യത്തിലും ഉടന്‍നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രഹീം കുഞ്ഞ് നിര്‍മ്മാണ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സര്‍വ്വീസ് റോഡിന്റെ കാര്യത്തില്‍ സമരത്തെതുടര്‍ന്നുള്ള പ്രതികൂല സാഹചര്യം മാറികിട്ടിയാല്‍ ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പക്ഷം സര്‍വ്വീസ് റോഡുകള്‍ ഗതാഗതയോഗ്യമാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ എം.എല്‍.എ മാരായ ബി.ഡി ദേവസ്സി, കെ. രാധാകൃഷ്ണന്‍, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

News Collected by

Sunday, April 15, 2012

പാലിയേക്കര ടോള്‍: ചര്‍ച്ച നടത്തും -കലക്ടര്‍

14/04/2012
ആമ്പല്ലൂര്‍: കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ കമ്പനി ടോള്‍ പിരിവ് നടത്തുന്നതെന്ന ടോള്‍ വിരുദ്ധ സമരസമിതിയുടെ ആരോപണം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ്. നിശ്ചിത സമയപരിധിക്കകം ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കാതെ അനധികൃതമായാണ് കമ്പനി ടോള്‍ പിരിവ് നടത്തുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സംയുക്ത സമരസമിതി നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. തുടര്‍ന്ന് വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന കലക്ടറുടെ ഉറപ്പിന്മേലാണ് സമരസമിതി ഉപരോധം അവസാനിപ്പിച്ചത്. ഇതുപ്രകാരം വെള്ളിയാഴ്ച കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് സമരസമിതിയുടെ ആരോപണം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സമിതിക്ക് കലക്ടര്‍ ഉറപ്പുനല്‍കിയത്.

http://www.madhyamam.com/news/163425/120414

Thursday, April 12, 2012

എന്‍.എച്ച് 47ല്‍ പകല്‍ക്കൊള്ള; കവര്‍ന്നത് 7 കോടിയിലേറെ

ഏപ്രില്‍ രണ്ടിനു ശേഷമുള്ള ടോള്‍പിരിവ് നിയമ വിരുദ്ധവും !!!

പാതയോരങ്ങളിലെ കൊള്ളസംഘങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മണ്ണുത്തി-ഇടപ്പള്ളി റോഡില്‍ നടന്ന ടോള്‍ പിരിവ് വിവാദമാവുന്നു.
പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റി (പി.സി.സി)ന്റെ കാലാവധി ഈ മാസം രണ്ടിനു കഴിഞ്ഞിട്ടും പോലിസ് അകമ്പടിയോടെ നിയമവിരുദ്ധമായി ടോള്‍ പിരിവു തുടരുകയാണ്. ഒരു ദിവസം ഒരു കോടിയോളം രൂപയാണ് പാലിയേക്കരയില്‍ യാത്രക്കാരില്‍ നിന്നും പിരിച്ചെടുക്കുന്നത്. ഇതു പ്രകാരം ഇതിനകം ഏഴു കോടിയോളം രൂപയാണ് ടോള്‍ കമ്പനി ഇവിടെ നിന്നു കൊള്ളയടിച്ചത്.

ഇന്റര്‍ കോണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്‍സ് ആന്റ് ടെക്‌നോക്രാറ്റ്‌സ് എന്ന സ്ഥാപനമാണ് മണ്ണുത്തി-ഇടപ്പള്ളി റോഡിന്റെ ഇന്റിപെന്റന്റ് കണ്‍സണ്‍ട്ടള്‍ട്ടന്‍സി. ഇവര്‍ കഴിഞ്ഞ ഡിസംബര്‍ നാലിനു അര്‍ധരാത്രി നല്‍കിയ പി.സി.സിയുടെ അടിസ്ഥാനത്തിലാണ് ടോള്‍പിരിവ് ആരംഭിച്ചത്. പി.സി.സിയോടൊപ്പം തന്നെ 120 ദിവസത്തിനകം പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവൃത്തികളുടെ പഞ്ച് ലിസ്റ്റും നല്‍കിയിരുന്നു. ഈ പഞ്ച് ലിസ്റ്റ് അപൂര്‍ണവും കരാറുകാരെ സഹായിക്കുന്നതുമാണെന്നു അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ പഞ്ച് ലിസ്റ്റ് പ്രകാരമുള്ള നിര്‍മാണവും ഇതു വരെ കരാറുകാര്‍ നടത്തിയിട്ടില്ല. ഏപ്രില്‍ രണ്ടിനു 120 ദിവസ കാലാവധി കഴിഞ്ഞെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല.

കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി തുടരുന്ന ടോള്‍ പിരിവ് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ സംയുക്തസമരസമിതി ഇന്നലെ(11-04-2012) കണ്‍സള്‍ട്ടന്‍സി ഓഫീസിലേക്കു മാര്‍ച്ചു നടത്തി. പോട്ട സെന്ററില്‍ നിന്നു തുടങ്ങിയ മാര്‍ച്ച് ഇന്റര്‍ കോണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്‍സ് ആന്റ് ടെക്‌നോക്രാറ്റ്‌സിനു മുന്‍വശത്തു പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന പൊതുയോഗം കുടിയിറക്കു-സ്വകാര്യവല്‍ക്കരണ വിരുദ്ധസമിതി കണ്‍വീനര്‍ ടി എല്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. സമരസഹായസമിതി കണ്‍വീനര്‍ ടി കെ വാസു അധ്യക്ഷത വഹിച്ചു. സംയുക്തസമരസമിതി ജനറല്‍ കണ്‍വീനര്‍ പി ജെ മോന്‍സി സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാനസമിതി അംഗം വി എസ് ജോഷി, സി.പി.ഐ(എം.എല്‍) നേതാവ് പുരുഷോത്തമന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മിര്‍സാദ് റഹ്മാന്‍, എം മോഹന്‍ദാസ്, സി എ അജിതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ട് കണ്‍സള്‍ട്ടന്‍സി ഓഫീസര്‍ക്കു നിവേദനം നല്‍കി. ഏപ്രില്‍ രണ്ടിനു പി.സി.സിയുടെ കാലാവധി കഴിഞ്ഞെന്നും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നും ടീംലീഡറും ഹൈവേ എഞ്ചിനീയറുമായ ഹരിദാസ് അറിയിച്ചു. ഇക്കാര്യം ഹൈവേ പ്രൊജക്ട് ഡയറക്ടറേയും ഇന്റിപെന്റന്റ് കണ്‍സണ്‍ട്ടള്‍ട്ടന്‍സിയേയും അറിയിച്ചിട്ടുണ്ടെന്നും കരാര്‍ റദ്ദാക്കി നടപടി എടുക്കാന്‍ റിപോര്‍ട് നല്‍കിയിട്ടുണ്ടെന്നും ടീംലീഡര്‍ പറഞ്ഞു. പി.സി.സിയുടെ കാലാവധി കഴിഞ്ഞിട്ടും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ഏപ്രില്‍ രണ്ടിനു ശേഷം നടക്കുന്ന പിരിവ് നിയമവിരുദ്ധമാണെന്നും കരാറുകാരോടു എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ ടോള്‍പിരിവിനു സംരക്ഷണം നല്‍കും വിധം കലക്ടരുടെ റിപോര്‍ട് ആവശ്യപ്പെട്ട് കാത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി തിരുത്തണമെന്നു ടോള്‍വിരുദ്ധ സംയുക്തസമരസമിതി ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായി പിരിച്ചെടുത്ത പണം തിരിച്ചടപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ടി എല്‍ സന്തോഷ് ആവശ്യപ്പെട്ടു.

By പി അനീബ്‌

Wednesday, April 11, 2012

ബി.ഓ.ടി ടോള്‍ വിരുദ്ധ സമരം, ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു


പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ ‘ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

March 23rd, 2012
doolnews.com

ബി.ഓ.ടി ടോള്‍ വിരുദ്ധ സമരം, ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു


‘നോ ബി.ഓ.ടി നോ ടോള്‍’ എന്ന കൃത്യമായ മുദ്രാവാക്യം വെച്ചാണ് പാലിയേക്കരയില്‍ സമരം നടക്കുന്നത്. കഴിഞ്ഞ പത്തൊന്‍പതു ദിവസമായി നിരാഹാരം തുടര്‍ന്നിട്ടും സര്‍ക്കാരോ പ്രതിപക്ഷമോ സമരം കണ്ടതായി നടിക്കുന്നില്ല. നൂറു കണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ടോള്‍ പിരിക്കുന്നതിനാല്‍ ഉപരോധിക്കുക എന്നത് ഈ ചെറിയ സംഘടകളെകൊണ്ട് സാധിക്കുന്നതല്ല. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ മുന്നോട്ടു വെച്ച ഒരഭിപ്രായം (ടോള്‍ ഇല്ലാതെ മുഴുനീള സര്‍വീസ് റോഡ് എന്നത് എങ്കിലും) നടപ്പാക്കണം എന്ന ആവശ്യം ഉയര്‍ന്നത്.

എന്നാല്‍ പിന്നീട് മുഖ്യമന്ത്രി തന്നെ അതില്‍ നിന്നും പിറകോട്ടു പോയി. കരാര്‍ ഒപ്പിട്ടു കഴിഞ്ഞതിനാല്‍ ഇനി പിന്മാറാന്‍ ആവില്ല എന്ന് മുഖ്യമന്ത്രി പലവട്ടം ആവര്‍ത്തിച്ചു. ടെണ്ടര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ജി.ഐ.പി.എല്‍ എന്ന കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നത് കൊണ്ടുതന്നെ അത് നിയമവിധേയമല്ല എന്നും സമരസമിതി ചൂണ്ടിക്കാണിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കും എന്ന് വാഗ്ദാനം നല്‍കിയ കമ്പനി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പാത അപകടങ്ങള്‍ പതിയിരിക്കുന്ന അപൂര്‍ണ്ണമായ ഒന്നാണ്. ബി.ഒ.ടി ക്ക് എതിരായ സമരമെന്നത് പലപ്പോഴും അമൂര്‍ത്തമായിട്ടാണ് പൊതുസമൂഹത്തിനു തോന്നിയിട്ടുള്ളത്. ആഗോളഉദാരസ്വകാര്യ വല്‍ക്കരണ നയങ്ങളുടെ ഭാഗമായി എല്ലാ മേഖലകളിലും ടോളും സെസ്സും സ്വാശ്രയ സ്ഥാപനങ്ങളും വ്യാപകമായ സാഹചര്യത്തില്‍ ബി.ഓ.ടി വിരുദ്ധ മുദ്രാവാക്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ല. എന്നാല്‍ മട്ടാഞ്ചേരി പാലത്തിന്റെ കണക്കു പുറത്തു വന്നപ്പോള്‍ (പതിമൂന്നു കോടി മുടക്കി പാലം നിര്‍മ്മിച്ച കമ്പനി ഇതിനകം 170 കോടി രൂപ പിരിച്ചു കഴിഞ്ഞുവെന്നും ഇനിയും ആറു വര്‍ഷത്തേക്ക് കൂടി പിരിക്കാന്‍ അനുവാദം തേടിയിരിക്കുകയുമാണെന്ന് അറിഞ്ഞപ്പോള്‍ ഇതിലെ കൊള്ള കുറെപ്പേരെങ്കിലും തിരിച്ചറിഞ്ഞു. എന്നിട്ടും നാല്‍പ്പത്തഞ്ചു മീറ്ററില്‍ ബി.ഓ.ടിപാത എന്ന സര്‍ക്കാര്‍ നയത്തിനെ എതിര്‍ക്കാന്‍ കുടിയോഴിക്കപ്പെടുന്നവര്‍ മാത്രമേ ഉണ്ടായുള്ളൂ എന്നത് സത്യമാണ്.

ഈ സാഹചര്യത്തില്‍ ആണ് പാലിയേക്കര സമരം വ്യത്യസ്തമാകുന്നത്. അവിടെ ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്‌നമില്ല. അത് പൂര്‍ത്തിയായി. പ്രാദേശിക ജനതയ്ക്ക് ചില്ലറ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നിട്ടും അവിടെ സമരം ശക്തിപ്പെട്ടത് എന്തുകൊണ്ട് എന്നതാണ് പ്രധാന രാഷ്ട്രീയ പ്രശ്‌നം. കേരളം പോലൊരു സമൂഹത്തില്‍ ഒരു ബി.ഓ.ടി റോഡു എത്രമാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, എന്ന് പ്രായോഗികമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു അവിടെ. അങ്ങനെ ആ ജനങ്ങളാണ് സമരത്തിന് വന്നിട്ടുള്ളത്. പ്രാദേശിക ജനത ഉയര്‍ത്തുന്നത് ദേശീയ രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇടതുപക്ഷടക്കമുള്ള ‘ദേശീയ’ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്നതോ? അവര്‍ പ്രാദേശിക ഇളവുകള്‍ വേണമെന്ന് മാത്രമാണ്.

പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ ‘ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

പൊതുപാതയില്‍ പൊതുയോഗ നിരോധനത്തിന് എതിരെ ആഞ്ഞടിക്കുന്നവര്‍ ഇനിമേല്‍ പൊതുപാത തന്നെ ഇല്ലാതായി എന്നത് അറിയാതാകുമോ? അതോ നേതാക്കള്‍ക്കെല്ലാം കാര്‍ (ഇന്നോവയും) ഉള്ളതുകൊണ്ട് വേഗമെത്താന്‍ നല്ല റോഡു ഉണ്ടായാല്‍ മതി, റോഡിനു ഇരുവശവും ഉള്ളവര്‍ എന്ത് ദുരിതം അനുഭവിക്കുന്നു എന്ന് അറിയേണ്ടതില്ല. എന്നാണോ?? ഇന്നോവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടോള്‍ യാത്ര അത്ര അധികമായി തോന്നുകയുമില്ല. അതും പൊതു പണം ആണെങ്കില്‍ ഒരിക്കലും തോന്നാന്‍ വഴിയില്ല.

ഹൈക്കോടതിയില്‍ ടോള്‍ സംബന്ധിച്ച കേസ് നടക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ കേസ് കൊടുക്കാനും അവസാനം വരെ നടത്താനും ആളുകള്‍ തീരെയില്ല. ഒന്നോ രണ്ടോ പേര്‍ രാത്രിയും പകലും കുത്തിയിരുന്ന് രേഖകള്‍ തേടിയെടുത്ത് യുദ്ധം ചെയ്തു കേസ് ജയിച്ചാല്‍ വഴിയോരത്തിലൂടെ പതിറ്റാണ്ടുകള്‍ പോകുന്ന ആളുകള്‍ക്കും പൊതുസമൂഹത്തിനും ആണ് അത് ഉപകരിക്കുക. ദൗര്‍ഭാഗ്യവശാല്‍ കേസ് നടത്താനുള്ള സാമ്പത്തിക സഹായം പോലും തരാന്‍ കോടികള്‍ സ്വന്തമായുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോ വ്യക്തികളോ തയ്യാറാവാറില്ല.

അതിനാല്‍ത്തന്നെ ഈ കേസ് വിജയിച്ചാല്‍ കേരളത്തിലെ ആകെ ടോള്‍ റോഡുകള്‍ക്കുള്ള മറുപടിയാകും അത്. ഇടതിന്നും വലതിനും ഉള്ള രാഷ്ട്രീയ പാഠവും.നോ തോല്‍ ഓണ്‍ റോഡ്സ് നോ തോല്‍ നോ ബി ഓ t

News Collected by

നിയമ വിരുദ്ധമായി പിരിവു നടത്തുന്ന പാലിയേക്കര ടോള്‍ പ്ലാസായിലെക്കുള്ള മാര്‍ച്ച്‌ പോലീസ് തടഞ്ഞു
-ചിത്രങ്ങള്‍ ജെറിന്‍
പാലിയേക്കരയിലെ
അനതികൃത ടോള്‍ പിരിവു ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ടോള്‍ പ്ലാസയിലേക്ക് സംയുക്ത സമര സമിതിയുടെ നേതൃത്ത്വത്തില്‍ ഇന്ന് വൈകീട്ട് 6.30 ന്നു നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം ടോള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന കളക്ടരുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ച്‌ എട്ടു മണിയോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി