Sunday, February 19, 2012

കൊടുങ്ങല്ലൂര്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കണമെന്ന് മുറവിളി

കൊടുങ്ങല്ലൂര്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കണമെന്ന് മുറവിളി

കൊടുങ്ങല്ലൂര്‍: ചന്തപ്പുര - കോട്ടപ്പുറം ബൈപാസ് തുറക്കുന്നതോടെ രണ്ടായി വിഭജിക്കപ്പെടുന്ന കൊടുങ്ങല്ലൂര്‍ നഗരത്തെ ഒന്നായി നിലനിര്‍ത്താന്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കി ഉയര്‍ത്തുകയെന്ന ആവശ്യം ഉന്നയിച്ച് ജനകീയസമരം ശക്തമാകുന്നു. സമരത്തിന്‍െറ തുടര്‍ച്ചയായി 31ന് കൊടുങ്ങല്ലൂര്‍ പൊലീസ് മൈതാനിയില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ഉപവസിക്കുമെന്ന് എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് നഗരത്തില്‍ പ്രവേശിച്ചിരുന്ന റോഡുകളെല്ലാം അടഞ്ഞ് പോകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. ചന്തപ്പുര, കോട്ടപ്പുറം ക്രോസിലും റോഡ് വഴി ഏറെ സമയം കാത്തുനിന്ന് നഗരത്തില്‍ കടക്കേണ്ട ഗതികേടാവും വരിക. ഇന്ന് കടുത്ത ഗതാഗതക്കുരുക്കിനോടൊപ്പം പ്രയാസങ്ങളും സൃഷ്ടിക്കും. ഇതിനൊരു പരിഹാരമായാണ് നിലവിലെ റോഡ് നിലനിര്‍ത്തികൊണ്ടുതന്നെ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കി ഉയര്‍ത്തണമെന്നാണ് സമിതിയുടെ ആവശ്യം. 31 ന് രാവിലെ ഒമ്പതിന് നടത്തുന്ന ഉപവാസ സമരം ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്‍പേഴ്സണ്‍ സുമാശിവന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രകടനമായെത്തി ഉപവാസം അനുഷ്ഠിക്കുന്നവരെ അഭിവാദ്യം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഗുണഭോക്തൃ സമിതി ഭാരവാഹികളായ അഡ്വ. വി.എം. മുഹ്യിദ്ദീന്‍, ഡോ. ഒ.വിനോദ്, സി.എസ്. വിമല്‍കുമാര്‍, എം.പി. മനോജ് എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment