Posted on: 10 May 2010
കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാതയ്‌ക്കെതിരെ ഭരണ മുന്നണിയില്‍ നിന്നുതന്നെ എതിര്‍പ്പുയരുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ.യുടെ യുവജന സംഘടന എ.ഐ.വൈ.എഫാണ് പരസ്യമായി ഇതിനെതിരെ രംഗത്തുവന്നത്.
നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞ നാട്ടുകാര്‍ക്ക് നേരെ പോലീസ് നടത്തിയ കടന്നാക്രമണം പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന ജോയന്റ് സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. തൃശ്ശൂരില്‍ നടക്കുന്ന എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രക്ഷോഭങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നടപടി ശരിയല്ല. കിനാലൂരിനെ വ്യാവസായിക വളര്‍ച്ചയുള്ള പ്രദേശമായി മാറ്റാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് എ.ഐ.വൈ.എഫിന്റെ പിന്തുണയുണ്ടായിരിക്കും. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഇത്രയധികം ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിന്റെ റോഡ് വികസനത്തില്‍ നാഷണല്‍ ഹൈവേ പോലും 30 മീറ്ററില്‍ കൂടുതലാവാന്‍ പാടില്ല എന്നതാണ് കേരളത്തിന്റെ പൊതുവായ നിലപാട്. ഈ സാഹചര്യത്തില്‍ ഇത്രയധികം ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള നാലുവരിപ്പാത നിര്‍മാണത്തെ അംഗീകരിക്കാനാവില്ല. കിനാലൂരില്‍ വരുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളുമായി പൊതുചര്‍ച്ച നടത്തി സംശയങ്ങള്‍ ദുരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
പാവപ്പെട്ട ജനങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയുമെല്ലാം തകര്‍ത്തുകൊണ്ട് വരുന്നപാത ജനങ്ങളുടെ ആവശ്യമല്ല-അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി.ഗവാസ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി.എം. ശശി, പി.പി.ലെനിന്‍ദാസ്, മീനാ സുരേഷ്, അജയ്കുമാര്‍, കെ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Monday, May 10, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment