Wednesday, March 17, 2010

വേലി......................



നമ്മുടെ വീടുകള്‍ക്കിടയിലെ
വേലി
രണ്ടു രാഷ്ട്രങ്ങള്‍ക്കിടയിലെ
അതിര്‍ വരമ്പായിരുന്നില്ല.
കലഹങ്ങളില്‍
ശീമ കൊന്നയുടെ
ഒരില പോലും കോഴിഞ്ഞിരുന്നില്ല.
ഇരു വീടുകളിലെയും
പൂവനും,പിടയും
സ്വകാര്യം പറഞ്ഞിരുന്നതും
സ്നേഹം പകുത്തതും
ഇതിനിടയിലെവിടെയോ വെച്ചായിരുന്നു.
ചെടികള്‍ ഋതുമതികളാവാറായെന്നു
പാടിയറിയിച്ചിരുന്ന കുയിലുകള്‍ ,
വേലിക്കലെ
വേപ്പ് മരത്തില്‍
ചുറ്റി പിണര്‍ന്നു
നമ്മുടെ മേല്‍ക്കൂരകളിലേക്ക്
പടര്‍ന്ന അമരവള്ളി
ഇവരെല്ലാം
ഏതു ദേശത്തേക്കാണ്
നാട് കടത്തപെട്ടത്‌

,
പറയുന്നതൊന്നും
നീ കേള്‍ക്കുന്നില്ലല്ലോ ?
അതിനെങ്ങനെയാ
നെടുങ്കന്‍ പാതക്കിരുപ്പുറവുമായി അവര് നമ്മളെ പകുത്തു കളഞ്ഞില്ലേ
അന്യോന്യം കാണാനും മിണ്ടാനുമാകാത്ത
അന്യരാക്കി മാറ്റിയില്ലേ ?


നിതിന്‍ ശ്രീനിവാസന്‍ s.n.പുരം

No comments:

Post a Comment