Thursday, April 19, 2012

പാലിയേക്കര സത്യാഗ്രഹം- മാധ്യമം എഡിറ്റോറിയല്‍

19/04/2012
പൊതുവഴികളെ ജാതിമേധാവികള്‍ കുത്തകയാക്കിവെക്കുന്നതിനെതിരെ, മുഴുവന്‍ മനുഷ്യരുടെയും സഞ്ചാര സ്വാതന്ത്രൃത്തിനും പൊതുവഴികളുടെ 'പൊതുത്വ'ത്തിനും വേണ്ടി നടന്ന സമരങ്ങള്‍ കേരളീയ നവോത്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊതുവഴികളിലെ സവര്‍ണ കുത്തക അവസാനിപ്പിച്ച നമ്മള്‍ ഇന്ന് പുത്തന്‍ മൂലധന ശക്തികള്‍ പൊതുവഴികള്‍ കൈയേറി ചുങ്കം പിരിക്കുന്നതിനെ നിസ്സംഗമായി നോക്കിനില്‍ക്കുകയാണ്. തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍, ദേശീയപാതയിലെ ചുങ്കപ്പിരിവിനെതിരെ കഴിഞ്ഞ ഫെബ്രുവരി 19 മുതല്‍ നടക്കുന്ന നിരാഹാര സത്യഗ്രഹ സമരം ചരിത്രപ്രസക്തവും നിര്‍ണായകവുമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. മുഴുവന്‍ മലയാളികളുടെയും ശ്രദ്ധയും പിന്തുണയും ആ സമരം ആവശ്യപ്പെടുന്നുണ്ട്. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളെപ്പോലെ ചരിത്രപരമാണ് പാലിയേക്കര സത്യഗ്രഹവും.
ബി.ഒ.ടി രീതിയിലുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കണക്കുകളും അക്കങ്ങളും പരിശോധിക്കാന്‍നിന്നാല്‍ നാം ശരിക്കും സ്തബ്ധരായിപ്പോകും. 2ജി സ്പെക്ട്രം അഴിമതിയെക്കാള്‍ വലുതാണിതെന്ന് വി.എം. സുധീരന്‍ പറഞ്ഞത് ഈ അക്കങ്ങളുടെ വ്യാപ്തി കണ്ടിട്ടാണ്. നമുക്ക് ആ കണക്കുകളിലേക്ക് ചെറുതായൊന്ന് പോകാം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കണക്കില്‍ ഒരു കി.മീ നാലുവരിപ്പാത നിര്‍മിക്കാന്‍ ആറുമുതല്‍ ഏഴരക്കോടി രൂപവരെയാണ് ചെലവ്. ബി.ഒ.ടി കമ്പനിക്കാരന്റെ കണക്കില്‍ ഇത് 17 മുതല്‍ 25 കോടി രൂപവരെ! കാസര്‍കോട് മുതല്‍ ഇടപ്പള്ളിവരെയുള്ള ദേശീയപാത നാലുവരിയാക്കാന്‍ പി.ഡബ്ല്യു.ഡി കണക്ക് പ്രകാരം 3000 കോടി രൂപ (പാലങ്ങളും അനുബന്ധ സംവിധാനങ്ങളുമുള്‍പ്പെടെ). സ്വകാര്യ ബി.ഒ.ടിക്കാരുടെ കണക്കില്‍ ഇത് 8000 കോടി രൂപ. സ്വകാര്യ കമ്പനികളുമായി സര്‍ക്കാറുണ്ടാക്കിയ കരാര്‍ പ്രകാരം മൊത്തം നിര്‍മാണച്ചെലവിന്റെ (ആ ചെലവ് കമ്പനിയാണ് നിശ്ചയിക്കുന്നത്!) 40 ശതമാനം സര്‍ക്കാര്‍ നല്‍കണം. അതായത് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് പി.ഡബ്ല്യു.ഡി കണക്കാക്കിയ 3000 കോടിയേക്കാള്‍ അധികം തുക (3200 കോടി രൂപ) സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കണം. ആ പണം കൊണ്ട് സ്വകാര്യ കമ്പനി റോഡ് വിപുലീകരിക്കും. കൂടാതെ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കല്‍, സ്ഥലവാസികള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയും സര്‍ക്കാര്‍തന്നെ നിര്‍വഹിക്കണം. കോടിക്കണക്കിന് രൂപ ഇതിനു വേണ്ടിയും സര്‍ക്കാര്‍ മാറ്റി വെക്കണം. ഇങ്ങനെയൊക്കെ ആയ ശേഷം ബഹുമാനപ്പെട്ട സ്വകാര്യ കമ്പനി റോഡ് നിര്‍മിച്ചു കഴിഞ്ഞാല്‍ 30 വര്‍ഷത്തേക്ക് റോഡിന് ഉടമസ്ഥാവകാശം റോഡ് പണി നടത്തിയ കമ്പനിക്കാണ്. നോക്കണേ, നേരത്തെ നിലവിലുള്ള റോഡ്, അതിന് ഇരുവശവും സര്‍ക്കാര്‍ അധികമായി ഏറ്റെടുത്ത് നല്‍കിയ ഭൂമി, റോഡ് നിര്‍മാണത്തിന് 40 ശതമാനം ഗ്രാന്റ് ഇതെല്ലാത്തിനു ശേഷവും റോഡിന്റെ 30 കൊല്ലത്തെ ഉടമ പണി നടത്തിയ കമ്പനിയും! ഇക്കാലയളവില്‍ കമ്പനി തോന്നിയമാതിരി ചുങ്കം പിരിക്കും. ചുങ്ക റോഡിന് സമാന്തരമായി മറ്റൊരു റോഡും ഈ 30 കൊല്ലത്തിനിടയില്‍ സര്‍ക്കാര്‍ പണിയാന്‍ പാടില്ല എന്നൊരു വ്യവസ്ഥയുമുണ്ട്. ചുങ്ക നിരക്ക് ആവശ്യാനുസൃതം വര്‍ധിപ്പിക്കാനുള്ള അവകാശവും സ്വകാര്യ കമ്പനിയില്‍ നിക്ഷിപ്തമത്രെ. ചെറിയ വണ്ടികള്‍ക്ക് (കാര്‍, ജീപ്പ്) കിലോ മീറ്ററിന് 85 പൈസയെന്നാണ് ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക (ഭാരവണ്ടികള്‍, ലോറികള്‍ എന്നിവക്ക് യഥാക്രമം 4.70 രൂപ, മൂന്നു രൂപ എന്നിങ്ങനെയും). ഇപ്പോഴത്തെ ഈ നിരക്കുതന്നെ തുടരുകയാണെങ്കില്‍ 30 വര്‍ഷം കൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ബഹുകോടികള്‍ വാരിയെടുക്കാനുള്ള കേന്ദ്രങ്ങളായി ഓരോ ടോള്‍ ബൂത്തും മാറും.
കൈയില്‍ കാശില്ലെന്ന സ്ഥിരം ന്യായത്തിലാണ് റോഡ് നിര്‍മാണം സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നത്. ഇന്ധന നികുതി, വാഹന നികുതി, റോഡ് നികുതി, രജിസ്ട്രേഷന്‍ ചാര്‍ജ്, ലൈസന്‍സ് ഫീ, ഗതാഗത പിഴ എന്നിവയിലൂടെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്ന കോടികള്‍ എങ്ങോട്ടാണ് പോകുന്നത്? ഹൈവെ വികസനത്തിനുവേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ലിറ്ററിന് മൂന്ന് രൂപ ഇന്ധന സെസ് വാങ്ങുന്നതിന്റെ അര്‍ഥമെന്താണ്? കൈയില്‍ കാശില്ലെന്ന് പറയുന്ന അതേ സര്‍ക്കാര്‍ ബഹുകോടികള്‍ സ്വകാര്യ കമ്പനികള്‍ക്ക് റോഡ് നിര്‍മാണത്തിന് ഗ്രാന്റായി നല്‍കുന്നതെങ്ങനെയാണ്? ഹൈവെ വികസനവുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങള്‍ അനന്തമാണ്. അങ്ങേയറ്റം ദുരൂഹവും അപസര്‍പ്പക സ്വഭാവത്തിലുള്ളതുമായ കളികളാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തം.
ചുങ്കപ്പാതകള്‍ ലോകത്തെങ്ങും യാഥാര്‍ഥ്യമായിക്കഴിഞ്ഞു, നമുക്ക് മാത്രം പിന്തിരിയാന്‍ കഴിയില്ല എന്നതാണ് ചുങ്കവാദികളുടെ ഒരു ന്യായം. ശരിയാണ്, കിടയറ്റ സൗകര്യങ്ങളോടു കൂടി സ്വകാര്യ പാതകള്‍ ലോകത്ത് പലേടത്തുമുണ്ട്. എന്നാല്‍, പൊതുപാതകളെ നശിപ്പിച്ചു കൊണ്ടല്ല, വികസിപ്പിച്ചതിന് ശേഷമാണ് അവിടങ്ങളില്‍ അത്തരം പാതകള്‍ പണിയുന്നത്. ഇവിടെ നടക്കുന്നത് അതല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിത ദേശീയപാതകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയാണ്. അവര്‍ അതിന്റെ അപ്പുറവും ഇപ്പുറവും സര്‍ക്കാര്‍ ഏറ്റെടുത്തു കൊടുത്ത ഭൂമിയില്‍ അല്‍പം മണ്ണും ടാറുമിട്ട് തങ്ങളുടേതാക്കുന്നു. കേരളത്തില്‍ വ്യാപകമായ ഇട റോഡുകളില്‍നിന്ന് ഹൈവേയിലേക്കുള്ള പ്രവേശനം പോലും നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു.
പാലിയേക്കരയില്‍ നടക്കുന്ന സമരം പൊതുപാതകള്‍ അന്യാധീനപ്പെടുന്നതിനെതിരായ ചരിത്രപരമായ ചെറുത്തുനില്‍പാണ്. വന്‍കിട നിര്‍മാണ കമ്പനികള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കെടുത്താണ് ഒറ്റ നോട്ടത്തില്‍തന്നെ അറുപിന്തിരിപ്പനായ ഈ പദ്ധതിയുമായി മുന്നോട്ടുപോവുന്നത്. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരത്തോട് മുഖം തിരിക്കുന്നതും. കേരളത്തിലെ ദേശീയപാതകളുടെ ഇരുവശങ്ങളിലും കത്തിപ്പടരുന്ന ജനരോഷത്തെ അവര്‍ അവഗണിക്കുന്നതും അതുകൊണ്ടുതന്നെ. മൂലധന, കുത്തക താല്‍പര്യങ്ങള്‍ക്കെതിരെ ഗീര്‍വാണം മുഴക്കുന്ന സി.പി.എമ്മും ഈ സമരത്തില്‍നിന്ന് അകലെയാണ്. സ്വകാര്യ കുത്തകകള്‍ അവരെയും വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നുവെന്നതാണ് സത്യം. പക്ഷേ, ഇടതുപക്ഷത്ത് തന്നെയുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് വിഷയത്തെ ഗൗരവത്തില്‍ പഠിക്കാനും ഹൈവെ വികസനത്തിന്റെ പേരിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതികരിക്കാനുമുണ്ട്. മുഖ്യധാരാ കക്ഷികള്‍ കൈയൊഴിഞ്ഞ ജനകീയ പ്രശ്നങ്ങളെ ഏറ്റെടുക്കുന്ന നവസാമൂഹിക മുന്നേറ്റങ്ങളാണ് നമ്മുടെ കാലത്ത് രാഷ്ട്രീയത്തെ സജീവമാക്കുന്നത്. അത്തരം ശക്തികളും സംഘങ്ങളുമാണ് പാലിയേക്കര സമരത്തിന്റെ ഊര്‍ജം. ചരിത്രപരമായ വലിയൊരു ദൗത്യമാണ് പാലിയേക്കരയിലെ സത്യഗ്രഹികള്‍ ഏറ്റെടുത്തിരിക്കന്നത്. അവരെ പിന്തുണക്കേണ്ടത് നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്.

No comments:

Post a Comment