ടോള്‍ നിരക്ക് കുറയ്ക്കും, സമയം കൂട്ടും: മുഖ്യമന്ത്രി
doolnews.com
April 18th, 2012
തിരുവനന്തപുരം: അങ്കമാലി-മണ്ണൂത്തി ദേശീയ പാതയിലെ നിലവിലുള്ള ടോള്‍നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും സമരസമിതി പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച പ്രശ്‌നം തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനനുസരിച്ച് ടോള്‍ പിരിക്കുന്ന കാലപരിധി വര്‍ധിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ദേശീയ പാതയില്‍ ആവശ്യത്തിന് തെരുവ് വിളക്കുകളും സിഗ്നല്‍ സംവിധാനവും സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി എടുക്കും. ഡ്രെയിനേജ് സംവിധാനത്തിന്റെ കാര്യത്തിലും ഉടന്‍നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രഹീം കുഞ്ഞ് നിര്‍മ്മാണ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സര്‍വ്വീസ് റോഡിന്റെ കാര്യത്തില്‍ സമരത്തെതുടര്‍ന്നുള്ള പ്രതികൂല സാഹചര്യം മാറികിട്ടിയാല്‍ ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പക്ഷം സര്‍വ്വീസ് റോഡുകള്‍ ഗതാഗതയോഗ്യമാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എ മാരായ ബി.ഡി ദേവസ്സി, കെ. രാധാകൃഷ്ണന്‍, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
News Collected by Prashaanth Subrahmanian
No comments:
Post a Comment