Thursday, April 19, 2012

ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസനം അനുവദിക്കരുത്: ഡോ. അച്യുതന്‍

കോഴിക്കോട്: ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസനം അനുവദിക്കരുതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍.
മണ്ണൂത്തി-ഇടപ്പള്ളി റോഡിലെ ടോള്‍ നിരക്കു കുറക്കുന്നതു കൊണ്ടു കാര്യമില്ല. ടോള്‍ പൂര്‍ണമായി ഇല്ലാതാക്കണം. ദേശീയ പാത സ്വകാര്യവല്‍ക്കരണ-കുടിയിറക്കു വിരുദ്ധ സമിതിയുടെ ജനകീയ സമരസംഗമം മൊഫ്യൂസില്‍ ബസ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോള മൂലധനത്തിന് കൊള്ളലാഭമുണ്ടാക്കുക എന്നതാണ് പാത ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന്റെ ലക്ഷ്യം. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി നിരവധി നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മാണത്തിനു സര്‍ക്കാരിനു പണമില്ല എന്ന വാദം ശരിയല്ല. നികുതിയിളവുകളും മറ്റുമായി കോടിക്കണക്കിനു രൂപയുടെ ആനുകൂല്യമാണ് റോഡ് നിര്‍മാണ കമ്പനിക്കു നല്‍കുന്നത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അഭിപ്രായ പ്രകാരം നാലുവരി പാതക്ക് 30 മീറ്റര്‍ മതിയെന്നിരിക്കേ 45 മീറ്റര്‍ ആക്കണമെന്നാവശ്യപ്പെടുന്നത് അമിതവേഗത്തില്‍ യാത്രചെയ്യണമെന്നാവശ്യപ്പെടുന്ന പത്തു ശതമാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ്.
45 മീറ്ററില്‍ റോഡ് പണിയുക എന്നതിനേക്കാള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തിനാണ് പ്രാധാന്യം. ടോള്‍ ഏര്‍പ്പെടുത്തുന്നത് പണത്തിന്റെ പ്രശ്‌നമല്ല. പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശം ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ് പ്രശ്‌നം.

തൃശ്ശൂര്‍ പാലിയേക്കരയില്‍ റോഡിനോടൊപ്പം പൂര്‍ത്തികരിക്കുമെന്നു വാഗ്ദാനം ചെയ്ത നിരവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ അന്താരാഷ്ട്ര മൂലധനത്തിന്റെ സര്‍ക്കാരാണോ ജനങ്ങളുടെ സര്‍ക്കാരാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത സ്വകാര്യവല്‍ക്കരണ-കുടിയിറക്കു വിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ കെ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ടി എല്‍ സന്തോഷ്, ഡോ.ആസാദ്, കെ എസ് ഹരിഹരന്‍, സി എ അജിതന്‍,അഡ്വ.പി കുമാരന്‍കുട്ടി, പി ടി ഹരിദാസ് സംസാരിച്ചു.

1 comment:

  1. ഏത് പദ്ധതി വന്നാലും അതിനെയൊക്കെ എതിര്‍ക്കുക എന്ന നിലപാട് സ്വീകരിക്കുന്നവര്‍ പരിസ്ഥിതിയും വികസനവും വേണം എന്നു പറയുമ്പോള്‍ വികസനം എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത് എന്താണാവോ?വികസനം വഴി മുടക്കുന്ന അനാവശ്യമായ പരിസ്ഥിതി വാദം ആണ് ആദ്യം ഒഴിവാക്കേണ്ടത് .60 മീറ്റർ വീതിയിൽ ദേശിയപാത കേരളത്തിനു ആവശ്യമാണ് .കേരളത്തിൽ തരിശായി കിടക്കുന്ന പതിനായിരക്കണക്കിനു ഏക്കര് ഭൂമി ഉണ്ട് .അവിടെയൊന്നും കൃഷി ചെയ്യാതെ പരിസ്ഥിതി വാദം എന്ന് പറഞ്ഞു വെറുതെ സമരം ചെയ്യുന്നവരാണു നമ്മുടെ നാടിൻറെ ശാപം .
    malayalatthanima.blogspot.in

    ReplyDelete