Tuesday, March 20, 2012

തൃശൂര്‍ പാലിയേക്കരയില്‍ നടക്കുന്ന ബി.ഒ.ടി. - ടോള്‍ വിരുദ്ധ സമരത്തിനു പിന്തുണ നല്‍കുക സാംസ്‌കാരിക പ്രവര്‍ത്തകര്‍






-ചിത്രങ്ങള്‍ ജെറിന്‍

നുഷ്യപുരോഗതിയുടെ നവലോകം ഏതുകാലത്തേയും ആദര്‍ശവാദികളായ എഴുത്തുകാരെയും സാംസ്‌കാരിക-പ്രവര്‍ത്തകരേയും ജനാധിപത്യവാദികളേയും പ്രചോദിപ്പിച്ചിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും തുല്യ അംഗീകാരത്തോടെ ജീവിക്കാനാകുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഇന്ന് വികസനമെന്നപദം മനുഷ്യനുമായി ബന്ധപ്പെട്ട ഒന്നിനും മൂല്യം കല്പിക്കുന്നില്ല. മൂലധനത്തിന്റെ വികസനവും ലാഭവും മാത്രമായിരിക്കുന്നു അതിന്റെ ലക്ഷ്യം. ജനാധിപത്യത്തിന്റെ വികേന്ദ്രീകരണമല്ല, മൂലധനത്തിന്റെ കേന്ദ്രീകരണമാണ് അധികാരശക്തികള്‍ക്കും, മുഖ്യധാരാരാഷ്ട്രീയനേതൃത്വങ്ങള്‍ക്കും സ്വീകാര്യമായിരിക്കുന്നത്.
കേരളവികസനമാതൃകയും അതിന്റെ അടിസ്ഥാനത്തിലുള്ള സാംസ്‌കാരികപരിസരങ്ങളും രൂപപ്പെട്ടത് ശക്തമായ നവോത്ഥാന പോരാട്ടങ്ങളുടെ ഫലമായിട്ടാണ്. അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു വളര്‍ന്നവരാണ് നാം. പൊതുവഴികള്‍ സൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആ പൊതുവഴികളിലൂടെയാണ് പൊതുവിദ്യാലയങ്ങളും, പൊതു ആതുരാലയങ്ങളും, പൊതുദേവാലയങ്ങളും മറ്റു പൊതുസംവിധാനങ്ങളും രൂപപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ വികസനത്തിന്റെ മറവില്‍ ഈ പൊതുസംവിധാനങ്ങളെല്ലാം സ്വകാര്യമൂലധനത്തിന് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു കാലമാണിത്.
സാധാരണ മനുഷ്യരുടെ ദൈനംദിന യാത്രയ്ക്ക് ഉപയോഗിക്കപ്പെടുന്ന ദേശീയ പാതകള്‍ വളച്ചുകെട്ടി വന്‍കൊള്ള നടത്താന്‍ കുത്തകകളെ അനുവദിക്കുന്ന ബി.ഒ.ടി. (ആൗശഹറ ഛുലൃമലേ മിറ ഠൃമിളെലൃ) എന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത് ദേശീയ പാത 47-ല്‍ മണ്ണുത്തി-ഇടപ്പിള്ളി ഭാഗത്താണ്. മണ്ണുത്തി-അങ്കമാലി ഭാഗത്ത് 40 കി.മീ. ദേശീയപാത നിര്‍മ്മിക്കാന്‍ 312 കോടി രൂപയാണ് ആവശ്യമെന്ന് അധികൃതര്‍ തന്നെ പറയുന്നു. ഇത് മുടക്കാന്‍ സര്‍ക്കാരിന് കഴിയില്ലാ എന്ന് പ്രചരിപ്പിച്ചുകൊണ്ട് ഒരു സ്വകാര്യ കമ്പനിയെ ആ ജോലി ഏല്പിക്കുകയും അടുത്ത 17മ്മ വര്‍ഷംകൊണ്ട് പാലിയേക്കര ടോള്‍ ബൂത്തില്‍ നിന്ന് 12,500 കോടിയില്‍ പരം രൂപ അവര്‍ പിരിച്ചെടുക്കുമെന്ന് അവരുടെതന്നെ കണക്കുകള്‍ കാണിക്കുന്നു. ഇത്തരത്തില്‍ നിരവധി ടോള്‍ ബൂത്തുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച് ദേശീയപാതകള്‍ മൊത്തമായി വില്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടി ലക്ഷക്കണക്കിന് കുടുംബങ്ങളെ സ്വന്തം മണ്ണില്‍നിന്ന് പിഴുത് എറിയുകയാണ്. ഈ കൊള്ളയുടെ പിന്നില്‍ വന്‍ അഴിമതിയുടെ ശൃംഖലകളുണ്ട്. അതിന്റെ പങ്കുപറ്റുന്നവരായതിനാലാണ് മുഖ്യധാരാ കക്ഷികളും ഉദ്യോഗസ്ഥ - മാധ്യമ പ്രമുഖരും ഇതിനെ അംഗീകരിക്കുന്നത്.
എന്നാല്‍ ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. തൃശൂര്‍ പാലിയേക്കരയില്‍ ഉയര്‍ന്നുവന്ന ടോള്‍ ബൂത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. രണ്ടുവട്ടം അധികൃതര്‍ക്ക് ടോള്‍ പിരിവ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് നൂറുകണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ജനങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചും ജയിലിലടച്ചും ടോള്‍ പിരിവ് ആരംഭിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇതിനെതിരെ കഴിഞ്ഞ അഞ്ച് ആഴ്ചയോളമായി ശക്തമായ നിരാഹാരസമരം തുടരുകയാണ്. ഈ സമരത്തെ അവഗണിക്കാനും ചൊരയില്‍ മുക്കി കൊല്ലാനുമാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഈ സമരത്തിന്റെ നേരെയുള്ള അവഗണനക്കെതിരെ കേരളീയ സാംസ്‌കാരിക സമൂഹത്തിനുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നവോത്ഥാനം ഉഴുതുമറിച്ച മണ്ണില്‍ വേരുറപ്പിച്ച് വളര്‍ന്ന പുരോഗന പ്രസ്ഥാനങ്ങങ്ങള്‍ ഈ സമരങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇതിനെ തകര്‍ക്കാന്‍ പരസ്യമായി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളീയ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാന്‍ ജനാധിപത്യവാദികളും എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ആവശ്യമെങ്കില്‍ പ്രത്യക്ഷസമരങ്ങള്‍ക്കും അറസ്റ്റുവരിക്കാനും തയ്യാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നവര്‍

പ്രൊഫ. സാറാ ജോസഫ്
പ്രൊഫ. എന്‍.പ്രഭാകരന്‍
വി.എസ്. അനില്‍കുമാര്‍
കെ.വേണു
ടി.എന്‍.ജോയ്
വി.പി.വാസുദേവന്‍
പി.എന്‍.ഗോപികൃഷ്ണന്‍
എസ്.ജോസഫ്
വി.വിജയകുമാര്‍
സെബാസ്റ്റ്യന്‍
കെ.എസ്.ഹരിഹരന്‍
വി.എം.ഗിരിജ
പീതാംബരന്‍
എന്‍.എം.പിയേഴ്‌സണ്‍
വത്സലന്‍ വാതുശ്ശേരി
പി.സുരേന്ദ്രന്‍
പ്രൊഫ.കെ.അരവിന്ദാക്ഷന്‍
ഡോ.ആസാദ്
എം.ആര്‍.മുരളി
സി.ആര്‍.നീലകണ്ഠന്‍
കമല്‍
ഐ.ഷണ്‍മുഖദാസ്
പ്രിയനന്ദനന്‍
സി.എസ്.വെങ്കിടേശ്വരന്‍
എന്‍.സുഗതന്‍
കെ.സി.ഉമേഷ്ബാബു
എന്‍.ശശിധരന്‍
റഫീക്ക് അഹമ്മദ്
കെ.കെ.ഹിരണ്യന്‍
കെ.ആര്‍.ടോണി
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
പി.രാമന്‍
സി.ആര്‍.ഓമനക്കുട്ടന്‍
വി.യു.സുരേന്ദ്രന്‍
എം.ശശി
എം.എ.റഹ്മാന്‍

No comments:

Post a Comment